അപകടക്കെണിയായി ചുഴലിത്തോട് പാലം; 37 വർഷം പഴക്കമുള്ള പാലം തകർച്ചാഭീഷണിയിൽ

news image
Mar 12, 2026, 5:16 am GMT+0000 payyolionline.in

ചുഴലി: വാണിമേൽ, വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുഴലിത്തോട് പാലം അതീവ അപകടാവസ്ഥയിൽ. 37 വർഷം മുൻപ് വാണിമേൽ പഞ്ചായത്ത് നിർമ്മിച്ച പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ പുറത്തായ നിലയിലാണ്. പാലത്തിന്റെ കരിങ്കൽ കെട്ടുകൾ തകരുകയും കൈവരികൾ നശിക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാരും വാഹനങ്ങളും ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകുന്നത്.

വാണിമേൽ പഞ്ചായത്തിലെ പരപ്പുപാറ, വെള്ളിയോട്, പുതുക്കുടി, കന്നുകുളം പ്രദേശത്തുകാർക്കും വളയം പഞ്ചായത്തിലെ ചുഴലി, നീലാണ്ട് ഭാഗത്തുള്ളവർക്കും വളയത്തേക്കും ഭൂമിവാതുക്കലേക്കും എളുപ്പത്തിൽ എത്താനുള്ള പ്രധാന പാതയാണിത്. ചുഴലി ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികളും മഞ്ഞിച്ചേരി ഭഗവതിക്കാവിലേക്ക് എത്തുന്ന ഭക്തരും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. വലിയ വാഹനങ്ങൾ കയറുമ്പോൾ പാലം കുലുങ്ങുന്നത് നാട്ടുകാരിൽ ഭീതിയുണ്ടാക്കുന്നുണ്ട്. അടുത്ത മഴക്കാലത്തിന് മുൻപ് പാലം പുതുക്കിപ്പണിതില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.

പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ‘മുഖ്യമന്ത്രി എന്നോടൊപ്പം’ സിറ്റിസൺ കണക്ട് സെന്ററിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എം.എൽ.എ ഫണ്ടിനായി സമർപ്പിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചതായും നാട്ടുകാർ പറയുന്നു. എന്നാൽ പാലത്തിനായി എം.എൽ.എ ഫണ്ടിൽ പണം വകയിരുത്തിയിട്ടില്ലെന്നാണ് എം.എൽ.എ ഓഫീസിന്റെ വിശദീകരണം. അതേസമയം, പാലം പണിയാൻ പഞ്ചായത്ത് ഫണ്ട് നീക്കിവെച്ചിട്ടില്ലെന്നും ജില്ലാ പഞ്ചായത്താണ് ഇതിന് തുക അനുവദിക്കേണ്ടതെന്നും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വ്യക്തമാക്കി.

അധികൃതർ തമ്മിലുള്ള ഈ തർക്കം പാലം നിർമ്മാണം നീണ്ടുപോകാൻ കാരണമാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. എത്രയും വേഗം പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe