പുതിയ സാങ്കേതികവിദ്യയും ഫലംകണ്ടില്ല മുക്കത്തെ ജലവിതരണം പുനരാരംഭിച്ചില്ല

news image
Mar 9, 2026, 5:21 am GMT+0000 payyolionline.in

മുക്കം : മുക്കം നഗരത്തിൽ രണ്ടരവർഷമായി നിലച്ച ശുദ്ധജലവിതരണം പുനരാരംഭിക്കാൻ അധികൃതർ നടപ്പാക്കിയ പദ്ധതിയും ഫലംകണ്ടില്ല. കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ, പി.സി. ജങ്ഷനിൽ പുതിയ സാങ്കേതികവിദ്യയോടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ആദ്യപമ്പിങ്ങിൽത്തന്നെ പഴയപൈപ്പുകൾ പൊട്ടിയതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. റിവേഴ്സ് പമ്പിങ് നടത്തിയതോടെ റോഡിനടിയിലെ വർഷങ്ങൾ പഴക്കമുള്ള പൈപ്പുകൾ പലസ്ഥലത്തും പൊട്ടുകയായിരുന്നു.

കുടിവെള്ളവിതരണം എത്രയുംപെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ നവംബറിൽ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനെതിരേ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതർ തുടർനടപടി സ്വീകരിച്ചത്.

ഈ പദ്ധതിയും പാളിയതോടെ ഇനി എന്ത് എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.

നേരത്തേ കുടിവെള്ളം വിതരണംചെയ്തിരുന്ന പൈപ്പ് രണ്ടരവർഷം മുൻപ്‌ പൊട്ടിയതോടെ നഗരത്തിലെ കച്ചവടസ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്കുപുറമേ ഗാർഹിക ഉപഭോക്താക്കളും ശുദ്ധജലംകിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. പി.സി. ജങ്ഷൻമുതൽ ആലിൻചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ്‌സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജലവിതരണമാണ് തടസ്സപ്പെട്ടിരുന്നത്. കാലപ്പഴക്കംചെന്നതും വ്യാസംകുറവായതുമായ പൈപ്പുകൾ മാറ്റിസ്ഥാപിക്കുകയായിരുന്നു ഏകപരിഹാരം.

മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്തുവകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റിസ്ഥാപിക്കാനോ സാധിക്കാതെയായത്. ഒട്ടേറെ സമരങ്ങൾ നടന്നെങ്കിലും ഫലമുണ്ടായില്ല. .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe