കൊയിലാണ്ടി: പ്രതിബന്ധങ്ങളെ നേരിട്ട് അതിജീവനത്തിനായി സ്ത്രീകൾ സ്വയം സജ്ജരാകണമെന്ന് പ്രമുഖ ഗ്രന്ഥശാലാ പ്രവർത്തക കെ.കെ. റീന. എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദി സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിന ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മലിനീകരിക്കപ്പെടുന്ന മണ്ണും അപമാനിക്കപ്പെടുന്ന പെണ്ണും നിലനിൽക്കുന്നിടത്തോളം ഭൂമിയുടെ താളം തെറ്റുമെന്നും വർത്തമാനകാലത്ത് സ്ത്രീകൾ സഹനത്തിന്റെ മൂർത്തിഭാവമാകേണ്ടതില്ലെന്നും അവർ പറഞ്ഞു. പ്രതിസന്ധികളെ മറികടക്കാൻ ആവശ്യമായ ആത്മശക്തിയും ആർജ്ജവവുമാണ് സ്ത്രീകൾ നേടിയെടുക്കേണ്ടത്. പൊരുതി നേടുന്ന അറിവ്, സാമ്പത്തിക ഭദ്രത, പരസ്പര സഹകരണം എന്നിവ അതിജീവനത്തിന്റെ അടിത്തറയാകണം. കരഞ്ഞു തീർക്കേണ്ടവരല്ല, മറിച്ച് തങ്ങളുടെ കരുത്ത് തെളിയിക്കേണ്ടവരാണ് സ്ത്രീകളെന്നും അവർ കൂട്ടിച്ചേർത്തു.
വനിതാ വേദി സെക്രട്ടറി കെ. അനീഷ അധ്യക്ഷത വഹിച്ചു. വി.കെ. ദീപ, ഷബ്ന രാജൻ, ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡന്റ് എൻ.എം. നാരായണൻ, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
