കുറ്റിയാടി: കുറ്റിയാടി–കള്ളാട് റോഡരികിൽ മരത്തടികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തി. ഇന്ന് രാവിലെ ബൈക്കിലെത്തിയ ഒരാൾ റോഡരികിൽ സംശയാസ്പദമായ രീതിയിൽ പൊതി ഒളിപ്പിക്കുന്നത് സമീപവാസിയായ സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടതാണ് വൻ ലഹരിമരുന്ന് വേട്ടയ്ക്ക് വഴിയൊരുക്കിയത്.
സ്ത്രീ നൽകിയ വിവരമനുസരിച്ച് കുറ്റിയാടി ജനകീയ ദുരന്ത നിവാരണ സേന ചെയർമാൻ ബഷീർ നരയങ്കോടനും സംഘവും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ചെറിയ കവറുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. റോഡരികിൽ മുറിച്ചിട്ടിരുന്ന വലിയ മരത്തടികൾക്ക് പിന്നിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്.
തുടർന്ന് കുറ്റിയാടി പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ച യുവാവിനെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
