പള്ളിക്കര: കുഞ്ഞു മനസിലെ വലിയ ചിന്തകളും കവിതകളുമായി പള്ളിക്കര എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ. ഈ കൊച്ചു മിടുക്കന്മാർ രചിച്ച കവിതകളുടെ സമാഹാരമായ ‘മഞ്ചാടിമണികൾ’ എന്ന പുസ്തകം വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. മേലടി എ.ഇ.ഒ ശ്രീ. ഹസീസ് മാസ്റ്റർ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ സഹായമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രസിഡൻ്റ് ശ്രീ. രാജേഷ് കളരിയുള്ളതിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ പ്രകാശനം ചെയ്ത പുസ്തകത്തിൻ്റെ ആദ്യപ്രതി സ്കൂൾ മാനേജർ ഇറ്റിപ്പുറത്ത് നാരായണൻ നായർ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ വിനോദൻ മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
വാർഡ് മെമ്പർമാരായ അജ്മൽ മാടായി, ദിബിഷ ബാബു എന്നിവരും എസ്.എസ്.ജി കൺവീനർ രവി ഒല്ലാച്ചേരി, എസ്.ആർ.ജി കൺവീനർ സ്മിത കെ.എം, ബിന്ദിഷ പി.ടി തുടങ്ങിയവരും പരിപാടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിന് ഷിബിൽ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
