തുറയൂർ: ഹയർസെക്കൻ്ററി പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച സമഗ്ര പഠന പിന്തുണ പദ്ധതി ‘സജ്ജം 2026’ന് ബി.ടി.എം ഹയർസെക്കൻ്ററി സ്കൂളിൽ തുടക്കമായി. ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ലത കെ. പൊറ്റയിൽ നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ സന്ധ്യ പി. ദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഠനത്തോടൊപ്പം കായിക-ശാസ്ത്ര മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ ഒന്നാം സ്ഥാനം നേടിയ ആമിൽ ഷഹാം, മുഹമ്മദ് ഹംദല, സംസ്ഥാന കായികമേളയിൽ തൈക്വാണ്ടോയിൽ വെള്ളി മെഡൽ ജേതാവായ മുഹമ്മദ് ഷഹൽ എന്നിവർക്ക് മെമെൻ്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി സറീന കെ., റോവർ ലീഡർ സുജിത് നെല്ല്യേരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗൈഡ്സ് ക്യാപ്റ്റൻ ബുഷ്റ സി. സ്വാഗതവും അമീൻ മുയിപ്പോത്ത് നന്ദിയും രേഖപ്പെടുത്തി.
