ഈ ബോംബേറും രക്ഷാപ്രവർത്തന ദൗത്യത്തിന്റെ പട്ടികയിൽ വരുമോ?’; ബിതുൽ ബാലന്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

news image
Feb 27, 2026, 9:00 am GMT+0000 payyolionline.in

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരുക്കേല്‍ക്കാനിടയായ പ്രതിഷേധ കേസില്‍ ഒന്നാം പ്രതിയായ കെഎസ്‌യു നേതാവ് ബിതുല്‍ ബാലന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി. ബോംബെറിഞ്ഞതിന് പിന്നിൽ സിപിഐഎം ആണെന്ന് എല്ലാവർക്കും അറിയാം.
ഇതും രക്ഷാപ്രവർത്തനന ദൗത്യത്തിന്റെ പട്ടികയിൽ വരുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം. ഈ അക്രമങ്ങൾക്ക് മുഴുവൻ പ്രോത്സാഹനം കൊടുക്കുന്ന പ്രസ്താവനകളുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി കൊടുത്ത പ്രോത്സാഹനമാണ് ഈ പരമ്പരകൾക്ക് കാരണമെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. കോഴിക്കോട് വടകര തിരുവള്ളൂരുള്ള ബിതുൽ ബാലന്റെ വീട് ഷാഫി സന്ദർശിച്ചു.

ബിതുലിനെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഫേസ്ബുക്കിൽ വടകര സഖാക്കൾ ഇടുന്ന പോസ്റ്റ് ആദരാഞ്ജലികൾ നേർന്നാണ്.ഒരു കരിങ്കൊടി പ്രതിഷേധം നടത്തിയതിന്റെ പേരിലാണോ ഇതൊക്കെ, മനുഷ്യന്റെ കൈയും ജീവനും നഷ്ട്ടപ്പെടുന്ന വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണോ? സൈബർ സഖാക്കൾ പച്ചക്ക് ഭീഷണിപ്പെടുത്തുകയാണ്.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ പ്രവർത്തകരുടെ ഒരു നിഴൽപോലും മന്ത്രിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്ന് ആർപിഎഫ് പരിശോധിച്ച ക്യാമറകളിലും കേരളത്തിലെ മുഴുവൻ ചാനലുകളിലെ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. മന്ത്രിയുടെ ഈ കള്ളപ്രചരണമാണ് പുലർച്ചെ ബിതുലിന്റെ വീട്ടിൽ നടന്ന ബോംബേറിന് കാരണമായത്. അക്രമം നടക്കുമ്പോൾ വീട്ടിൽ കിടന്നുറങ്ങിയിരുന്ന ബിതുലിന്റെ അമ്മയോട് ആരോഗ്യമന്ത്രിയ്ക്ക് എന്താണ് പറയാനുള്ളത്?മുദ്രാവാക്യം വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോൾ ഉളുക്കിയ കഴുത്തിന്റെ വേദന ഇത്ര അസഹനീയമായിരുന്നുവെങ്കിൽ ഉഷ എന്ന സഹോദരി വയറിനകത്ത് കത്രിക വര്ഷങ്ങളോളം കൊണ്ടുനടന്നപ്പോൾ അനുഭവിച്ച വേദന ഓഹിക്കാൻ ആരോഗ്യമന്ത്രിയ്ക്ക് സാധിക്കുന്നുണ്ടോ? നാലാം ക്ലാസ്സുകാരിയായ വിനോദിനിയുടെ വേദന എന്താണെന്ന് മനസ്സിലാക്കാൻ മന്ത്രിയ്ക്ക് സാധിക്കുന്നുണ്ടോ ഷാഫി പറമ്പിൽ ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe