ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്ടമായി

news image
Feb 23, 2026, 4:18 am GMT+0000 payyolionline.in

നാദാപുരം: കോഴിക്കോട് ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. 12 പവൻ സ്വർണാഭരണവും 7000 രൂപയും കവർന്നു. കുഴങ്ങാലിൽ കുഞ്ഞിരാമന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. മുകൾനിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് വീട്ടിനുള്ളിൽ കടന്നതെന്നാണ് കരുതുന്നത്. വാതിലിന് നേരിയ കേടുപാടുകൾ പറ്റിയിട്ടുണ്ട്.

മുകളിലത്തെ നിലയിലെ മുറിയിൽ കടന്ന മോഷ്ടാവ് കട്ടിലിനോട് ചേർന്ന ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കവർന്നത്. സമീപത്ത് സൂക്ഷിച്ച 30,000 രൂപയിൽ 7000 രൂപ മോഷ്ടാവ് എടുക്കുകയും ബാക്കി അവിടെ തന്നെ വെച്ച് കടന്നുകളയുകയുമായിരുന്നു. താഴത്തെ നിലയിലെ മുറികളിൽ എവിടെയും മോഷ്ടാവ് പ്രവേശിച്ചിട്ടില്ല.

വൈകീട്ട് ആറോടെയാണ് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ഘോഷയാത്ര കാണാൻ വീട്ടുകാർ പോയത്. രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. കൂട്ടിലുള്ള വളർത്തുപട്ടി സന്ധ്യയോടെ അസാധാരണ ശബ്ദമുണ്ടാക്കിയതായി സമീപവാസി പറഞ്ഞു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയും കേസെടുക്കുകയും ചെയ്തു.

നേരത്തെ സമീപ പ്രദേശത്തും മോഷണശ്രമം നടക്കുകയുണ്ടായി. ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ ദൂരമുള്ള കായപ്പനിച്ചിയിൽ വീടിന്റെ വാതിൽ പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. ഗുജറാത്തിൽ വ്യാപാരിയായ പുതിയോട്ടും താഴക്കുനി മനോജിന്റെ വീട്ടിലാണ് ബുധനാഴ്ച മോഷണശ്രമം നടന്നത്.

സി.സി.ടി.വികൾ കേടുവരുത്തിയ ശേഷം മുൻവശത്തെ വാതിൽ ആയുധം ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നത്. ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കവർച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe