തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് മാറ്റിവെച്ചു. സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. 8-ാം തീയതിയാണ് സ്ക്രീനിങ് എന്ന് ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. അതേസമയം, സിനിമയുടെ ട്രെയ്ലറും അപകീർത്തികരമാണെന്ന് പ്രതി അഫാൻ്റെ പിതാവ് അബ്ദുള് റഹീം പറഞ്ഞു. ഇതോടെ ട്രെയ്ലർ കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമ തടയണമെന്ന അഫാൻ്റെ പിതാവിൻ്റെ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കൾ പൂർണമായും അവഗണിച്ചുവെന്നും അഫാൻറെ പിതാവ് പറഞ്ഞു. മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ഏക ആശ്രയമെന്നും അബ്ദുൾ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കടക്കൽ ചിതറയിൽ പച്ചക്കറിക്കട നടത്തിയാണ് ഇപ്പോൾ ജീവിക്കുന്നത്. കടയിൽ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പമാണ് കഴിയുന്നത്.
അധ്വാനിച്ച് പണിത വെഞ്ഞാറമൂടിലെ വീടിൻറെ ബാധ്യത കഴിഞ്ഞിട്ടില്ല. വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന് കരയും. മകനും ഭാര്യയും 50 ലക്ഷം രൂപയുടെ കടമാണ് വരുത്തി വെച്ചത്. എന്തിനു വേണ്ടി ഈ പണം വാങ്ങിയെന്ന് ഇന്നും ഇവർ പറഞ്ഞിട്ടില്ല. കൊലപാതകങ്ങൾ നടന്ന ദിവസം രണ്ടു ലക്ഷം രൂപ കടക്കാർക്ക് നൽകേണ്ട അവസ്ഥയായിലായിരുന്നു ഭാര്യയും മകൻ അഫാനും. അന്ന് പല ബന്ധുക്കളെയും കണ്ടു ചോദിച്ചെങ്കിലും അവർ ആട്ടിയോടിച്ചു. അങ്ങനെയാണ് കൂട്ടക്കൊലയിലേക്ക് തിരിഞ്ഞതെന്നും അബ്ദുൾ റഹീം പറഞ്ഞു. കടബാധ്യതയാണ് കൂട്ടക്കൊലക്ക് കാരണം. നാട്ടിൽ എത്തിയശേഷമാണ് ഇതൊക്കെ താൻ അറിയുന്നത്. വായ്പ നൽകിയതിന് അടുത്ത ബന്ധുക്കൾ അടക്കം വൻ പലിശ അഫാനിൽ നിന്ന് വാങ്ങിയിട്ടുണ്ട്. പലിശക്കാർ നിരന്തരം വിളിച്ചു ഭീഷണിയാണെന്നും തിരികെ കൊടുക്കാൻ ഒരു നിവർത്തിയുമില്ലെന്നും അബ്ദുൽ റഹീം പറഞ്ഞു.
