കോഴിക്കോട് എലത്തൂരിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വൈശാഖിനെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. എന്നാൽ തനിക്ക് കുറ്റബോധം ഉണ്ടെന്നും, ഒരുമിച്ച് മരിക്കാനായിരുന്നു ഞങ്ങൾ തീരുമാനിച്ചതെന്നും പ്രതി വൈശാഖൻ പറഞ്ഞു
പെൺസുഹൃത്തായ യുവതിയെയാണ് ഈ മാസം ഇരുപത്തിനാലാം തീയതി കോഴിക്കോട് മൂരികരയിലെ തന്റെ സ്ഥാപനത്തിൽ വിളിച്ചുവരുത്തി ഒരുമിച്ച് തൂങ്ങി മരിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പ്രതി വൈശാഖൻ കൊലപ്പെടുത്തിയത്. ആത്മഹത്യാ എന്ന് വിചാരിച്ചെങ്കിലും, കടയിലെ CCTV ദൃശ്യങ്ങൾ പുറത്തുവന്നതോടുകൂടിയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊലപാതകം നടന്ന കടയിൽ എലത്തൂർ പോലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. ഇതിൻറെ പിന്നാലെയാണ് പ്രതിയെ കടയിൽ എത്തിച്ചും, യുവതിക്ക് നൽകിയ ജ്യൂസ് വാങ്ങിയ ബേക്കറിയിലും, ഉറക്കു ഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിലും എത്തിച്ച് എലത്തൂർ പൊലീസ് തെളിവെടുപ്പ് നടത്തിയത്. യുവതിയെ കടയിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന CCTV ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. തനിക്ക് കുറ്റബോധം ഉണ്ടെന്നും ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നതെന്നും വിവരങ്ങളൊക്കെ ഭാര്യക്ക് അറിയാമായിരുന്നു എന്നും പ്രതി വൈശാഖൻ പറഞ്ഞു.
പ്രതി ലൈംഗിക വൈകൃതത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചതിനുശേഷം യുവതിയുടെ മൃതശരീരത്തോട് പ്രതി ലൈംഗിക ബന്ധം നടത്തി. യുവതിക്ക് 16 വയസ്സുള്ളപ്പോഴാണ് ഇയാൾ പ്രണയം നടിച്ച് വലയിലാക്കിയത്. കൊലപാതകം, പീഡനം എന്നീ വകുപ്പുകൾക്ക് പുറമേ പോക്സോ വകുപ്പും പൊലീസ് ചുമത്തിയിട്ടുണ്ട്. അടുത്തമാസം രണ്ടാം തീയതി വരെ പ്രതി പൊലീസ് കസ്റ്റഡിയിൽ തുടരും. വിദഗ്ധ അന്വേഷണം ആവശ്യമായതിനാൽ, കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം
