ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നരിവേട്ട’യുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് ശബരിമലയിൽ ചിത്രീകരണം നടന്നതെന്നാണ് വിവരം. മകരവിളക്ക് ദർശന സമയത്ത് സന്നിധാനത്ത് ഷൂട്ടിംഗ് നടത്താൻ സംവിധായകൻ അനുമതി തേടിയിരുന്നെങ്കിലും ദേവസ്വം ബോർഡ് നിഷേധിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് ചിത്രീകരണം നടത്തിയെന്നാണ് പരാതി.
പമ്പയിലാണ് ഷൂട്ട് ചെയ്തതെന്ന് സംവിധായകൻ
അതേസമയം, സന്നിധാനത്ത് താൻ ചിത്രീകരണം നടത്തിയിട്ടില്ലെന്ന് സംവിധായകൻ അനുരാജ് മനോഹർ പ്രതികരിച്ചു. സിനിമയുടെ പശ്ചാത്തലം പമ്പയാണെന്നും അവിടെയാണ് ഷൂട്ടിംഗ് നടന്നതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന സ്ഥലത്ത് ചിത്രീകരണത്തിന് അനുമതി തേടിയെങ്കിലും ബോർഡ് അധ്യക്ഷൻ അത് നിരസിച്ചു. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടപ്പോൾ അദ്ദേഹം നൽകിയ നിർദ്ദേശപ്രകാരമാണ് പമ്പയിൽ ഷൂട്ട് ചെയ്തതെന്നും അന്വേഷണം നടക്കട്ടെയെന്നും സംവിധായകൻ പറഞ്ഞു.
