കൊയിലാണ്ടി: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കാറില്‍ പര്‍ദ്ദ ധരിച്ചാണ് ഷിംജിതയെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

ഇന്ന് ഉച്ചയോടെയാണ് ഷിംജിതയെ വടകരയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. വടകരയില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് ഷിംജിതയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കുറച്ചുസമയത്തിനുള്ളില്‍ തന്നെ ഷിംജിതയെ തിരിച്ചുകൊണ്ടുപോയി.
ദീപക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയ്ക്കെതിരെ ആത്മഹത്യ പ്രേരണകുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ അമ്മ നല്കിയ പരാതിയില്‍ തിങ്കളാഴ്ചയാണ് യുവതിയ്ക്കെതിരെ പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
ബസ് യാത്രയ്ക്കിടെ ദീപക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് ദീപക് ജീവനൊടുക്കിയത്. തിങ്കളാഴ്ച പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിന്റെ അമ്മ യുവതിയ്ക്കെതിരെ പരാതി നല്‍കിയത്.
