സാംസങും വിവോയും വൺപ്ലസും ഐക്യൂവുമടക്കമുള്ള ബ്രാൻഡുകൾ തങ്ങളുടെ നമ്പർ സീരീസിലെ പുതിയ താരങ്ങളെ ഇറക്കി വിപണിയിൽ ട്രെൻഡിങ് ആയപ്പോൾ പലരും മറന്ന് പോയ ഒരു പേരാണ് മോട്ടറോള. മിഡ്റേഞ്ചിൽ മികച്ച ഫോണുകളുണ്ടെങ്കിലും ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എടുത്ത് പറയാനൊരു പേരില്ലാതെ വിഷമിക്കുകയായിരുന്നു മോട്ടോ. എന്തായാലും ഇനിയും നോക്കി നിന്നാൽ ശെരിയാവില്ല എന്ന തിരിച്ചറിവോടെ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് കമ്പനി.
ലേറ്റസ്റ്റ് ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളും മികച്ച കാമറയുമായി മോട്ടോ സിഗ്നേച്ചർ ജനുവരി 23 ഇന്ത്യയിൽ അവതരിപ്പിക്കും. 165 Hz റിഫ്രഷ് റേറ്റുള്ള വലിയ 6.80 ഇഞ്ച് അമോലെഡ് എൽടിപിഒ എന്ന ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സംരക്ഷണത്തിനായി ഡിസ്പ്ലേയിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 വും ഉണ്ട്. എസ് ഡിയുടെ ജനറേഷൻ 7 ചിപ്സെറ്റുകൾ വിട്ട് 8th ജെൻ ചിപ്പുകളിലേക്ക് മോട്ടോ മാറുന്നു എന്ന വലിയ അപ്ഗ്രേഡും സിഗ്നേച്ചറിൽ ആരാധകരെ കാത്തിരിക്കുന്നു. ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് സിഗ്നേച്ചറിന് കരുത്ത് പകരുക.
കാമറയാണ് സാറേ ഇവന്റെ മെയിൻ എന്ന് പറയിപ്പിക്കുന്ന തരത്തിലുള്ള കാമറ സെറ്റപ്പാണ് സിഗ്നേച്ചറിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. 50-മെഗാപിക്സൽ സോണി LYTIA 828 (f/1.6) പ്രൈമറി ക്യാമറയും 50-മെഗാപിക്സൽ അൾട്രാ വൈഡ്-ആംഗിൾ, ടെലിഫോട്ടോ കാമറകളാണ് പിൻഭാഗത്ത് ഒരുക്കിയിരിക്കുന്നത്. സെൽഫികൾക്കായി f/2.0 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ മുൻകാമറയുമുണ്ട്.
ആൻഡ്രോയിഡ് 16 ൽ ഓടുന്ന ഫോണിൽ 90W ഫാസ്റ്റ് ചാർജിംഗ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5200mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഉള്ളത്. പൊടി, ജല സംരക്ഷണം എന്നിവയ്ക്കായി IP69 റേറ്റിംഗും ഇതിന് ഉണ്ട്. പാന്റോൺ കാർബൺ, പാന്റോൺ മാർട്ടിനി ഒലിവ് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക. 16 ജിബി റാമും 1 ടിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിന്റെ ഉയർന്ന വേർഷന്റെ ബോക്സ് വില 84,999 രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ലോഞ്ച് ചെയ്തു കഴിഞ്ഞുള്ള റീറ്റെയ്ൽ വില ഇതിൽ നിന്നും താഴ്ന്നേക്കും
