രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും നമ്പർ വൺ ആയി കേരളം

news image
Jan 13, 2026, 1:32 pm GMT+0000 payyolionline.in

രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോതിൽ തുടർച്ചയായ 12-ാം മാസവും നമ്പർ വൺ ആയി കേരളം. ദേശീയതലത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം ഡിസംബറിൽ മുൻമാസത്തെ 0.71 ശതമാനത്തിൽ നിന്ന് 1.33 ശതമാനമായി വര്‍ധിച്ചു. കേരളത്തിൽ ഇത് 9.49 ശതമാനമാണ്. നവംബറിലെ 8.27 ശതമാനത്തിൽ നിന്ന് കുതിച്ചുകയറി. രണ്ടാമതുള്ള കർണാടകയിൽ പോലും 2.99 ശതമാനമേയുള്ളൂ.

പണപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് അഭികാമ്യമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇത് 6% വരെ ഉയർന്നാലും ഭീഷണിയല്ല. എന്നാൽ, കേരളത്തിൽ മാത്രം ഇത് കടകവിരുദ്ധമായി ഏതാനും മാസങ്ങളായി ഈ നിയന്ത്രണപരിധിയും ലംഘിച്ച് കുതിച്ചുകയറുകയാണ്. 2025 ജനുവരി മുതൽ കേരളമാണ് ഏറ്റവുമധികം വിലക്കയറ്റത്തോതുള്ള സംസ്ഥാനം.ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് എത്രത്തോളം വിലകൂടിയെന്നതിന്റെ തോതാണ് റീട്ടെയ്ൽ പണപ്പെരുപ്പം. മൂന്നാംസ്ഥാനത്തുള്ള ആന്ധ്രയിൽ ഇത് 2.71% മാത്രം. തമിഴ്നാടാണ് 2.67 ശതമാനവുമായി നാലാമത്. 2.26 ശതമാനവുമായി ജമ്മു കശ്മീർ 5-ാം സ്ഥാനത്തുമുണ്ട്.

ബിഹാർ (-1.37%), അസം (-1.25%), ഹരിയാന (-0.10%), മധ്യപ്രദേശ് (-0.25%), ഒഡീഷ (-0.99%), ഉത്തർപ്രദേശ് (-0.66%) എന്നിവയാണ് പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങൾ. ഉപഭോക്തൃ കേന്ദ്രീകൃത സംസ്ഥാനമായതാണ് കേരളത്തിൽ പണപ്പെരുപ്പം ഉയർന്നു നിൽക്കാൻ മുഖ്യകാരണം. പച്ചക്കറികൾ ഉൾപ്പെടെ വലിയതോതിൽ കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങുന്നത്.

സ്വർണത്തിന്റെ വൻ വിലക്കുതിപ്പും കേരളം ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ മുന്നിലാണെന്നതും പണപ്പെരുപ്പത്തിൽ നമ്പർ വൺ ആയി തുടരാനുള്ള കാരണങ്ങളാണ്. മറ്റൊന്ന്, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട വേതനനിരക്ക്, പ്രവാസിപ്പണത്തിന്റെ ഒഴുക്ക് എന്നിവയും കേരളത്തിൽ പണപ്പെരുപ്പം വർധിക്കാൻ ഇടയാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe