‘തൃശൂരും ആലപ്പുഴയും കഴിഞ്ഞു, ഇപ്പോൾ തെങ്കാശിയിലായാലും മതി’; സുരേഷ് ഗോപിയുടെ എയിംസ് വാഗ്ദാനത്തെ ട്രോളി ഗണേഷ് കുമാർ

news image
Jan 12, 2026, 11:19 am GMT+0000 payyolionline.in

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് കുമാർ പരിഹസിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് (AIIMS) വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരിൽ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയിൽ വരുമെന്ന് മാറ്റിപ്പറഞ്ഞു, ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പരിഹസിച്ചു. കേരളത്തിൽ ഒളിമ്പിക്സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹാസരൂപേണയാണ് നേരിട്ടത്. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്ന് ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

മന്ത്രിയല്ല, തന്ത്രിയാണ് പോറ്റിയെ കേറ്റിയത്

ശബരിമല സ്വർണക്കൊള്ള കേസിലും ഗണേഷ് കുമാർ പ്രതികരിച്ചു. തന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഗണേഷ് നടത്തിയത്. പോറ്റിയെ കേറ്റിയത് തന്ത്രിയാണ്, മന്ത്രിയല്ലെന്നടക്കം ​അദ്ദേഹം ചൂണ്ടിക്കാട്ടി. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു. ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യു ഡി എഫും ബി ജെ പിയും പറയുന്നത്. ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. യു ഡിഎഫ് മതവികാരം ഇളക്കി വിടുന്നു. ബി ജെ പിയെക്കാൾ അപകടകരമായ രീതിയിലാണ് യു ഡി എഫിന്‍റെ നീക്കമെന്നും ഗണേഷ് അഭിപ്രായപ്പെട്ടു. ബി ജെ പിക്കും കോൺഗ്രസിനും ഒരേ സ്വരമാണ് ഇക്കാര്യത്തിൽ. ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നുവെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ് ഐ ടിക്കെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തി. കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെ പി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍ പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe