ഒന്നും രണ്ടുമല്ല! ദിവസങ്ങൾ കൊണ്ട് നെടുമങ്ങാടും പരിസരങ്ങളിലും കറങ്ങി പണയം വച്ചത് 129 വളകൾ, കിട്ടിയത് 69 ലക്ഷം രൂപ; കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്

news image
Jan 12, 2026, 10:42 am GMT+0000 payyolionline.in

തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം തട്ടിയ കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ചുള്ളിമാനൂർ സ്വദേശി അജ്മലിൻ്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയത്. മടത്തറ ചല്ലിമുക്ക് സ്വദേശിനി അൻസീനയെയും പൊലീസ് പിടികൂടിയിരുന്നു. നെടുമങ്ങാടും പരിസരങ്ങളിലും പ്രവർത്തിക്കുന്ന ഫൈനാൻസ് സ്ഥാപനത്തിൽ നിന്നാണ് പണയം വച്ച് പണം തട്ടിയത്. ഇരുവരും ചേർന്ന് പല ദിവസങ്ങളിലായി 129 വ്യാജ സ്വർണ വളകൾ പണയം വച്ച് 69,28,000 രൂപയാണ് തട്ടിയത്. വളകളുടെ മുകളിൽ സ്വർണം പൂശിയിരുന്നതിനെ തുടർന്ന് പരിശോധനയിൽ വ്യാജമാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. വാളിക്കോട്ടെ ഒരു ഫിനാൻസ് ഉടമ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് വളകൾ വ്യാജമാണെന്ന് കണ്ടെത്തിയത്.

പിച്ചള, ചെമ്പ് വളകൾക്ക് മുകളിൽ തിരിച്ചറിയാത്ത വിധം സ്വർണം പൂശി പണയം വയ്ക്കുകയായിരുന്നെന്ന് മനസിലായതോടെ നെടുമങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ നെടുമങ്ങാടിന് പുറത്തും പ്രതികൾ ഇതേവിധം തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe