കല്ലും മണ്ണും റോഡിലേക്ക്; മേമുണ്ടയിൽ വഗാഡ് കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞ് നാട്ടുകാർ

news image
Jan 12, 2026, 5:03 am GMT+0000 payyolionline.in

വടകര: മേമുണ്ടയിൽ ദേശീയ പാത നിർമാണ കരാർ കമ്പനിയുടെ ലോറികളിൽ നിന്ന് മണ്ണും കല്ലും വീണു റോഡിലേക്ക് പതിച്ചു. ലോഡ് കയറ്റിയ ശേഷം ലോറി കൃത്യമായി ലോക്ക് ചെയ്യാതെ പോകുന്നതിനിടെയാണ് റോഡിലേക്ക് കല്ലും മണ്ണും വീണത്. ഇതേ തുടർന്ന് മേമുണ്ടയിൽ വാഹന ​ഗതാ​ഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഉപ്പിലാറ മലയിൽ നിന്നും മേമുണ്ട വഴിയാണ് വടകരയിലേക്ക് ദേശീയ പാത നിർമാണത്തിനായി മണ്ണ് കൊണ്ടുപോകുന്നത്. ഇതിനിടെയാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് സമീപം മീറ്ററുകളോളം ദൂരത്തിൽ റോഡിലേക്ക് ലോറികളിൽ നിന്ന് കല്ലും മണ്ണും വീണത്. ലോറിക്ക് പിന്നിൽ മറ്റു ചെറിയ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

റോഡിൽ മണ്ണും ക്ലലും കൂടിയതോടെ വാഹനയാത്രികരും നാട്ടുകാരും പ്രതിഷേധവുമായി രം​ഗത്തെത്തി. വ​ഗാഡ് കമ്പനിയുടെ ലോറികൾ മേമുണ്ടയിൽ തടഞ്ഞു. തുടർന്ന് കരാർ ജോലിക്കാരെത്തി റോഡിലെ മണ്ണ് നീക്കം ചെയ്തു. നിയന്ത്രണമില്ലാതെ അപകടം വിളിച്ചു വരുത്തുന്ന രീതിയിൽ ലോഡുമായി പോകുന്ന വ​ഗാഡ് കമ്പിനിയുടെ ലോറികൾക്കെതിരെ ശാശ്വതമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പോലിസ് സ്ഥലത്തെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe