മലപ്പുറം: പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ രക്ഷപ്പെട്ടിട്ട് 4 ദിവസമാകുന്നു. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വിനീഷ് രക്ഷപ്പെട്ടതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചായ കുടിക്കാൻ നൽകിയ സ്റ്റീൽ ഗ്ലാസ് ഉപയോഗിച്ച് ശുചിമുറിയിലെ ടൈൽ ഇളക്കി ഭിത്തി തുരന്നാണ് ഇയാൾ രക്ഷപ്പെടാനുള്ള വഴി ഒരുക്കിയത്. ആശുപത്രിയുടെ മതിൽ ചാടിയത് ഒടിഞ്ഞ മരക്കൊമ്പ് ഉപയോഗിച്ചാണ്. അതേ സമയം പ്രതി വിനീഷ് രക്ഷപ്പെട്ട സമയത്തിൽ അവ്യക്തത തുടരുകയാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതായും പൊലീസ് അറിയിച്ചു.
അന്വേഷണത്തിന്റെ ഘട്ടത്തിൽ വളരെ ഗുരുതരമായ പിഴവുകളാണ് പുറത്തുവരുന്നത്. ഡിസംബര്‍ 10നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ എത്തിക്കുന്നത്. ഇക്കഴിഞ്ഞ 29നാണ് ഇയാള്‍ സെല്ലിൽ നിന്നും രക്ഷപ്പെടുന്നത്. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, ഇയാളെ പാര്‍പ്പിച്ചിരുന്ന സെല്ലിലെ ശുചിമുറിയുടെ ഭിത്തി തുരന്നാണ് വിനീഷ് രക്ഷപ്പെട്ടത്. സ്റ്റീൽ ഗ്ലാസ് കൊണ്ട് ടൈൽ ഇളക്കി മാറ്റി, ഭിത്തിയിലെ ചെങ്കല്ല് കുറേശ്ശെയായി വെള്ളമൊഴിച്ച് നനച്ച് ഗ്ലാസ് കൊണ്ട് അടര്‍ത്തി മാറ്റി. പത്ത് ദിവസങ്ങളോളം എടുത്താണ് വിനീഷ് ഭിത്തിയിൽ ദ്വാരമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഉണങ്ങി വീണ് കിടന്നിരുന്ന മരത്തിന്റെ കമ്പ് ഉപയോഗിച്ചാണ് മതിൽ ചാടിയത്. പിന്നീട് ഇയാള്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്താനായിട്ടില്ല.
അതേ സമയം ഡിസംബര്‍ 29 ന് രാത്രി 11.40 ന് പരിശോധന നടത്തിയ സമയത്താണ് വിനീഷ് ചാടിപ്പോയ കാര്യം അധികൃതര്‍ അറിയുന്നത്. ഇയാള്‍ എപ്പോഴാണ് ചാടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. പകലാണോ രാത്രിയാണോ എന്നതും അവ്യക്തമാണ്. അവ്യക്തമായ സിസിടിവി ദൃശ്യങ്ങളാണുള്ളത്. മൂന്നാം വട്ടമാണ് ഇയാള്‍ സെല്ലിൽ നിന്നും ചാടിപ്പോകുന്നത്. കര്‍ണാടകയിലേക്ക് ഇയാളുടെ ചിത്രങ്ങള്‍ അയച്ച് അന്വേഷണത്തിന് നിര്‍ദേശം നൽകിയിരിക്കുന്നത്. അതേ സമയം വിനീഷ് രക്ഷപ്പെട്ടതിൽ ദൃശ്യയുടെ കുടുംബം ആശങ്കയിലാണ്.
2021 ജൂൺ 17 നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു ക്രൂര കൊലപാതകം. കസ്റ്റഡിയിലിരിക്കെ കൊതുകുതിരി തിന്ന് ആത്മഹത്യക്കും പ്രതി ശ്രമിച്ചിരുന്നു. വിനീഷിനെ വൈകാതെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്
