മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്നാട് സ്വദേശി 60 വയസുള്ള തങ്കരാജ് ആണ് മരിച്ചത്. ലോട്ടറി തൊഴിലാളിയായ തങ്കരാജിൻ്റെ മരണം കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു. കഴിഞ്ഞ 24 ന് വൈകിട്ടായിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. കോട്ടയം നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം
കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാർത്ഥ് ഓടിച്ച കാർ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാൽ നട യാത്രക്കാരൻ റോഡിൽ വീണു. ഓടി കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഇയാൾ ഇവരുമായി വാക്ക് തർക്കത്തിലും കയ്യേറ്റത്തിലും ഏർപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘവുമായി വാക്ക് തർക്കവും കയ്യേറ്റവും ഉണ്ടായതായി നാട്ടുകാർ പറയുന്നു. തുടർന്ന് ചിങ്ങവനം പോലീസ് സംഘം ബലം പ്രയോഗിച്ചാണ് ഇയാളെ വാഹനത്തിൽ കയറ്റിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി കണ്ടെത്തി.
