വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറും: മുഖ്യമന്ത്രി

news image
Jan 1, 2026, 4:04 pm GMT+0000 payyolionline.in

മുണ്ടക്കൈ:ചൂരൽമല ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്ര പുനരധിവാസമാണ് ടൗൺഷിപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലെ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ഇന്ന് ഓരോ മലയാളിയുമെന്ന് അദ്ദേഹം പറഞ്ഞു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. 410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ, 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ളാന്‍റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്ഷിപ്പിലുണ്ടാകും.

207 വീടുകളുടെ വാര്‍പ്പ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍,പെയിന്‍റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്‍റെ പ്രാരംഭ പണി പൂര്‍ത്തിയായെന്നും കുടിവെള്ള ടാങ്കിന്‍റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആയിരത്തിയറുന്നൂറോളം ജീവനക്കാരാണ് രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നത്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്. 20 വര്‍ഷത്തോളം വാറന്‍റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. സിമന്‍റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മ്മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്.മുഴുവന്‍ നിര്‍മ്മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയിൽ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്. ‘ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe