തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ്ടത് രണ്ട് റജിസ്റ്ററുകളിൽ, കൂറുമാറ്റം നിർണായകം

news image
Dec 21, 2025, 4:14 am GMT+0000 payyolionline.in

തിരുവനന്തപുരം:  തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇരുപതിനായിരത്തോളം അംഗങ്ങളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ രാവിലെ 10നും കോര്‍പറേഷനുകളില്‍ 11.30നുമാണു സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. വിജയിച്ച അംഗങ്ങള്‍ സത്യപ്രതിജ്ഞാദിനത്തില്‍ ഒപ്പിടുന്ന റജിസ്റ്റര്‍ തുടര്‍ന്നുള്ള ഭരണകാലത്ത് നിര്‍ണായകമാകും. രണ്ടു റജിസ്റ്ററുകളിലാണു പ്രധാനമായും അംഗങ്ങള്‍ ഒപ്പിടുക. സത്യപ്രതിജ്ഞ റജിസ്റ്ററും കക്ഷിബന്ധ റജിസ്റ്ററും. ഇതില്‍ കക്ഷിബന്ധ റജിസ്റ്ററിലാണ് ഏതു രാഷ്ട്രീയമുന്നണിയുടെയോ പാര്‍ട്ടിയുടെയോ ഭാഗമാണെന്ന് അംഗങ്ങള്‍ വ്യക്തമാക്കുക. സ്വതന്ത്രരായി ജയിച്ചവരില്‍ ചിലരും രാഷ്ട്രീയകക്ഷികള്‍ക്ക് തുടക്കം മുതലേ പിന്തുണ രേഖാമൂലം പ്രഖ്യാപിക്കാറുണ്ട്. ഇങ്ങനെ രേഖാമൂലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ അതത് പാര്‍ട്ടികളോ മുന്നണികളോ നല്‍കുന്ന വിപ്പ് അംഗങ്ങള്‍ക്കു പുറമേ സ്വതന്ത്രരും പാലിക്കാന്‍ ബാധ്യസ്ഥരാണ്. കൂറുമാറ്റം സംബന്ധിച്ച പരാതികള്‍ വരുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ റജിസ്റ്ററാണ്. കോടതികളും ഇത് അംഗീകരിക്കാറുണ്ട്. 2020ലെ തിരഞ്ഞെടുപ്പിനു ശേഷം 63 അംഗങ്ങളെയാണു കമ്മിഷന്‍ കൂറുമാറ്റത്തിന്റെ പേരില്‍ അയോഗ്യരാക്കിയത്.ഓരോ തദ്ദേശ സ്ഥാപനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിനായി കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കലക്ടര്‍മാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ അതത് സ്ഥാപനങ്ങളുടെ വരണാധികാരികളെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് അവധിദിനമായിട്ടും ഞായറാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് പിന്നീട് സ്ഥാപനത്തിന്റെ അധ്യക്ഷന്റെ മുന്‍പാകെ ഇതു ചെയ്യാം. അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രമാകും ഇതിനു സാധിക്കുക. ഇന്നലെ കാലാവധി അവസാനിക്കാത്ത മലപ്പുറത്തെ 8 തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ഡിസംബര്‍ 22, 26, ജനുവരി ഒന്ന്, 16 എന്നീ തീയതികളില്‍ നടക്കും. സത്യപ്രതിജ്ഞാച്ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മിഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും.

 

നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ചെയര്‍പഴ്സന്‍, മേയര്‍ തിരഞ്ഞെടുപ്പ് 26നു രാവിലെ 10.30നും ഡപ്യൂട്ടി ചെയര്‍പഴ്‌സന്‍, ഡപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് അന്നേദിവസം ഉച്ചയ്ക്കു ശേഷം 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ 27ന് യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്കു ശേഷം 2.30നും നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe