പൊന്നാനി: വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. തമിഴ്നാട് ശിവകാശി സ്വദേശികളായ ജഹാംഗീർ (42), പൊൻപാണ്ടി (49), പരമശിവം (61) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ ധനീഷ് എന്ന ഡാനി, ജൈനുലാബ് ധീൻ എന്നിവരെ ശിവകാശിയിൽ കൊണ്ടുപോയി അന്വേഷണം നടത്തിയതിന്റെ ഭാഗമായാണ് കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ജഹാംഗീർ പേപ്പറുകളും മറ്റും സംഘടിപ്പിച്ച് നൽകുന്നയാളും പരമശിവം സീലുകൾ നിർമിച്ച് നൽകുന്നയാളും പൊൻപാണ്ടി ഹോളോഗ്രാം, സ്റ്റിക്കറുകൾ എന്നിവ നിർമിച്ച് നൽകുന്നയാളുമാണ്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി. പൊന്നാനി എസ്.എച്ച്.ഒ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐ ആന്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽ വിശ്വം, ശ്രീജിത്ത്, സനീഷ്, എ.എസ്.ഐ നൗഷാദ് എന്നിവരാണ് പ്രതികളെ ശിവകാശിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
