കോഴിക്കോട്: അന്തരിച്ച നടൻ ശ്രീനിവാസന്‍റെ ഓർമകൾ പങ്കുവെച്ച് സഹപ്രവർത്തകനും നടനുമായ മോഹൻലാൽ. സിനിമ ജീവിതത്തിൽ ഒരുപാട് ബന്ധങ്ങളുള്ള വ്യക്തിയായിരുന്നു ശ്രീനിയെന്ന് മോഹൻലാൽ അനുസ്മരിച്ചു.
താനും പ്രിയദർശനും സത്യൻ അന്തിക്കാടും ഇന്നസെന്‍റും എല്ലാം ഒരു ടീം ആയിരുന്നു. ഒരു നടൻ എന്ന രീതിയിലല്ല ഞങ്ങൾ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ശ്രീനിയുടെ കുടുംബവുമായും ജീവിതവുമായും തനിക്ക് അടുത്ത ബന്ധമുണ്ട്.
ശ്രീനിയുമായി ചേർന്ന് മലയാളി സമൂഹത്തിന് ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കാൻ കഴിഞ്ഞു. കാണുമ്പോൾ തമാശ പടമായി തോന്നുമെങ്കിലും ഏറെ ഉൾക്കാമ്പുള്ള സിനിമകളാണ് ശ്രീനി ഒരുക്കിയിരുന്നത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്ത തലത്തിൽ കണ്ട ആളാണ്. പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന, തമാശയിലൂടെ ജീവിച്ച ആളാണ് ശ്രീനി.
എപ്പോഴും സംസാരിക്കുന്ന വ്യക്തികളായിരുന്നു ഞങ്ങൾ. ശ്രീനിയുടെ മക്കൾ വീട്ടിൽ വരാറുണ്ട്. താൻ ശ്രീനിയുമായി പിണങ്ങാറില്ല. അത് ജീവിതത്തിന്‍റെ ഭാഗമാണ്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളാണ് ശ്രീനി സമ്മാനിച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഇന്ന് രാവിലെയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇന്ന് രാവിലെ അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കണ്ണൂർ സ്വദേശിയായ ശ്രീനിവാസൻ കൊച്ചി ഉദയംപേരൂരിലാണ് താമസം.
