‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം; കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ

news image
Dec 17, 2025, 4:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തില്‍ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് പറഞ്ഞത്.പരാതി നല്‍കിയത് സമിതിയല്ലെന്നും അത് ചിലരെ സംരക്ഷിക്കാനുളള ശ്രമമാണെന്നും ഹരിദാസ് പറഞ്ഞു. സംഘടനയില്‍ നിന്ന് വിട്ടുപോയ ആളാണ് പ്രസാദെന്നും ശബരിമലയില്‍ സ്വര്‍ണക്കൊളള നടന്നു എന്നതിനാണ് പ്രാധാന്യമെന്നും ഹരിദാസ് പറഞ്ഞു. പോറ്റിയേ കേറ്റിയേ സ്വര്‍ണം ചെമ്പായ് മാറിയെ എന്ന പാരഡി ഗാനം തദ്ദേശ തെരഞ്ഞെടുപ്പിലുടനീളം യുഡിഎഫ് വ്യാപകമായി പ്രചാരണ പരിപാടികളില്‍ ഉപയോഗിച്ചിരുന്നു.

അതേസമയം, പോറ്റിയേ കേറ്റിയെ എന്ന പാരഡി ഗാനം വിവാദമാക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള രംഗത്തെത്തിയിരുന്നു. അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്നും ഒരു തരത്തിലുളള വിവാദ പരാമര്‍ശവും പാട്ടില്‍ നടത്തിയിട്ടില്ലെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു. ‘ഇതുപോലെ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പ്രവാസികളുടെ ഇടയിലും നല്ല പിന്തുണ ലഭിക്കുന്നുണ്ട്’ എന്നാണ് ജി പി കുഞ്ഞബ്ദുളള പറഞ്ഞത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe