പാലക്കാട്/തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നാളെ പാലക്കാട് എത്തുമെന്ന് സൂചന. നാളെ വോട്ട് ചെയ്യാൻ ഒളിവിലുള്ള രാഹുൽ എത്തുമെന്നാണ് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലാണ് രാഹുലിന് വോട്ട്. സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. ആദ്യത്തെ ബലാത്സംഗ കേസിൽ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ആദ്യത്തെ ബലാത്സംഗ കേസിലെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ആദ്യത്തെ കേസിൽ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധിയും രണ്ടാമത്തെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്നുമുള്ള ഉത്തരവുള്ളതിനാൽ രാഹുൽ പുറത്തുവരുമെന്ന് വിവരമാണ് പുറത്തുവരുന്നത്. തിങ്കളാഴ്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടിയില്ലെങ്കിലോ ജാമ്യം തള്ളിയാലോ പൊലീസിന് ആദ്യത്തെ കേസിൽ അറസ്റ്റ് രേഖപ്പെടുത്താനാകും.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11നും ഇടയിൽ അന്വേഷണ ഉദ്യോസ്ഥക്ക് മുന്‍പാകെ ഹാജരായി ഒപ്പിടണമെന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. രാഹുലിനെ ഈ കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. മൂന്നു ദിവസത്തെ വാദത്തിനുശേഷമാണിപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇതിനിടെ രാഹുലിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, രാഹുലിന് മുൻകൂര്‍ ജാമ്യം നൽകിയ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കോടതി ഉത്തരവ് ലഭിച്ച ഉടൻ അപ്പീൽ നൽകും. കോടതി ഉത്തരവ് ഇന്ന് തന്നെ ലഭിച്ചാൽ ഇന്ന് തന്നെ മേൽകോടതിയിൽ അപ്പീൽ നൽകും. അതല്ലെങ്കിൽ നാളെയായിരിക്കും അപ്പീൽ നൽകുക.
