ബംഗളൂരൂ: ക്ഷേത്രമതിൽക്കെട്ടിനുളളിൽ വിവാഹ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തി ബംഗളൂരുവിലെ ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം. ക്ഷേത്രം അധികൃതർ തന്റെ വിവാഹം നടത്തിതരാൻ വിസമ്മതിച്ചു എന്നാരോപിച്ച് ബംഗളൂരൂ സ്വദേശി കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസ് കാരണം തേടിയതോടെയാണ് ക്ഷേത്രത്തിന്റെ തീരുമാനം അധികൃതർ കാരണം സഹിതം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷേത്രത്തിൽ നിന്നും വിവാഹിതരായവരുടെ വിവാഹമോചനകേസുകൾ വർധിക്കുന്നതായി ക്ഷേത്രം അധികൃതർ പറയുന്നു. ക്ഷേത്രത്തിൽ നിന്നും വിവാഹിതരായി വിവാഹമോചനം നേടുന്ന കേസുകളിൽ വിവാഹം നടത്തിക്കൊടുത്ത പുരോഹിതൻമാരെ സാക്ഷികളായി നിരന്തരം കോടതികളിൽ വിളിപ്പിക്കാറുണ്ട്.
പല ദമ്പതികളും വീട്ടിൽ നിന്നും ഒളിച്ചോടുകയും വ്യാജ രേഖകൾ ഹാജരാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുളള വിവാഹങ്ങളെ ദമ്പതികളുടെ കുടുംബാംഗങ്ങൾ ചോദ്യം ചെയ്യുകയും ചില സന്ദർഭങ്ങളിൽ വിവാഹം നടത്തിക്കൊടുത്തതിന് പുരോഹിതർ കോടതികൾ കയറേണ്ടി വരുന്നു എന്നതാണ് ക്ഷേത്രത്തിന്റെ തീരുമാനത്തിന് കാരണം.
ക്ഷേത്രത്തിൽ മറ്റ് ആചാരങ്ങളും മതപരമായ ചടങ്ങുകളും തുടരുന്നുണ്ടെങ്കിലും വിവാഹങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ക്ഷേത്രത്തിന്റെ തീരുമാനത്തോട് സമ്മിശ്രപ്രതികരണമാണ് ഉയരുന്നത്. സംസ്ഥാനത്തെ ജനപ്രിയ വിവാഹ വേദികളിൽ ഒന്നാണിത്. ബംഗളൂരുവിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുളള ശിവക്ഷേത്രങ്ങളിലൊന്നാണ് ഹലസുരു സോമേശ്വര സ്വാമി ക്ഷേത്രം.
