ചൂടുള്ള ചോറോ, തണുത്ത ചോറോ?; പ്രമേഹവും ശരീരഭാരവും കുറക്കാൻ ഏതാണ് നല്ലത്‍?

news image
Dec 8, 2025, 12:50 pm GMT+0000 payyolionline.in

ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ചോറ് കഴിക്കുന്ന ശീലമാണ് മിക്ക മലയാളികൾക്കും ഉള്ളത്. ദിവസവും ചുരുങ്ങിയത് ഒരു നേരമെങ്കിലും ചോറ് കഴിക്കാതിരിക്കാന്‍ നമുക്കാവില്ല. കൂടാതെ വിശേഷ ദിവസങ്ങളിൽ അരി വെച്ചുള്ള പ്രത്യേക വിഭവങ്ങളും പായസവും ഉണ്ടാക്കി ആഘോഷിക്കുന്നതാണ് മലയാളികളുടെ പതിവ്. എന്നാൽ അരി ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നും പറയുന്നുണ്ട്. എങ്കിലും ചൂട് ചോറ് കഴിക്കുന്നതാണോ തണുത്ത ചോറ് കഴിക്കുന്നതാണോ ആരോഗ്യത്തിന് നല്ലതെന്നുളള തര്‍ക്കം നിലനില്‍ക്കുകയാണ്. ഇവയിൽ ഏതാണ് കൂടുതൽ അപകടകാരിയെന്ന് മനസ്സിലാക്കാൻ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്.

ചൂടുള്ള ചോറിന്റെ ഗുണങ്ങളും ദോഷങ്ങളും
പുതിയതായി വേവിച്ചെടുത്ത ചോറ് നല്ല രുചിയുള്ളതും ദഹിക്കാന്‍ എളുപ്പവുമാണ്. കാരണം ചൂടുചോറില്‍ അന്നജം അതിന്റെ സ്വാഭാവിക ജെലാറ്റിനൈസ് രൂപത്തിലാണ് ഉള്ളത്. ഇത് പെട്ടെന്ന് തന്നെ ദഹിക്കാന്‍ സഹായിക്കുകയും വേഗത്തില്‍ ഊര്‍ജ്ജവും ഗ്ലൂക്കോസും ലഭിക്കാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ചൂടുള്ള ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ധിപ്പിക്കും. മാത്രമല്ല ഇവയിൽ നാരുകള്‍ പോലുള്ള അന്നജം കുറവാണ്. ഇത് തികച്ചും ആരോഗ്യകരമാണെങ്കിലും പ്രമേഹം, ഇന്‍സുലിന്‍ പ്രതിരോധം അല്ലെങ്കില്‍ ശരീരഭാരം കുറക്കല്‍ എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്ക് ചൂട് ചോറ് കഴിക്കുന്നത് അനുയോജ്യമല്ല.

തണുത്ത ചോറിന്റെ ഗുണങ്ങളും ദോഷങ്ങളും

ചൂട് ചോറിനെ അപേക്ഷിച്ച് തണുത്ത ചോറ് ആരോഗ്യകരമായ ഒരു ഓപ്ഷനായാണ് കണക്കാക്കപ്പെടുന്നത്. അരി വേവിച്ച് മണിക്കൂറുകളോളം തണുപ്പിക്കുമ്പോള്‍ അതിലെ ചില കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രതിരോധ ശേഷിയുള്ള അന്നജമായി മാറുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പ്രതിരോധശേഷിയുളള അന്നജം നാരുകള്‍ പോലെ പ്രവര്‍ത്തിക്കുകയും കൂടുതല്‍ നേരം വയറ് നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
മാത്രവുമല്ല ഇവ നല്ല കുടല്‍ ബാക്ടീരിയയെ സഹായിക്കുകയും ദഹനത്തെയും പ്രതിരോധശേഷിയേയും സഹായിക്കുന്ന ഷോര്‍ട്ട് -ചെയിന്‍ ഫാറ്റി ആസിഡുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിദഗ്ധര്‍ പറയുന്നതനുസരിച്ച് അരി പാകം ചെയ്ത് കൂടുതല്‍ സമയം മുറിയിലെ താപനിലയില്‍ വെച്ചാല്‍ അതില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയകള്‍ പെരുകുകയും ഓക്കാനം,ഛര്‍ദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകുകയും ചെയ്യും.

എങ്ങനെയാണ് ചോറ് കഴിക്കേണ്ടത്
ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ചോറ് കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം വീണ്ടും ചൂടാക്കി കഴിക്കുക എന്നതാണ്. അടുത്ത് നടന്ന പഠനം അനുസരിച്ച് ചൂട് ചോറ് മുറിയിലെ താപനിലയില്‍ വെച്ച് ചൂടാറിയശേഷം നാല് ഡിഗ്രി സെല്‍ഷ്യസില്‍ 24 മണിക്കൂര്‍ തണുപ്പിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നും ഇതില്‍ പ്രതിരോധ ശേഷിയുള്ള അന്നജത്തിന്റെ അളവ് കൂടുതലാണെന്നും പറയുന്നുണ്ട്.
എങ്ങനെ പാകം ചെയ്യണം
അരി പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ അധിക വെള്ളത്തില്‍ അരി പാകം ചെയ്യുന്നത് അവശ്യമൂലകങ്ങളുടെ കുറവ് വരുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പോഷകക്കുറവിന്റെ സാധ്യത വര്‍ധിപ്പിക്കും. പ്രത്യേകിച്ച് ചോറിനെ ആശ്രയിക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ എന്നിവരില്‍ ഇത് പോഷകാഹാരക്കുറവിന് കാരണമാകുന്നു.
ചൂടുളള ചോറും തണുത്ത ചോറും ആരോഗ്യകരമാണെങ്കിലും അത് കഴിക്കുന്നത് ഓരോ വ്യക്തിയുടെയും ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ചൂടുളള ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും. തണുത്തതോ വീണ്ടും ചൂടാക്കിയതോ ആയ ചോറ് ശരീരഭാരം കുറക്കാനും പഞ്ചസാര നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മിതമായ അളവിൽ കഴിക്കുന്ന ചോറാണ് ആരോഗ്യത്തിന് പ്രധാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe