ഹൈദരാബാദ്: ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി. തുടർച്ചയായ രണ്ടാം ദിവസമാണ് ഹൈദരാബാദിൽ വിമാനങ്ങൾക്ക് ബോംബ് ഭീഷണി നേരിടുന്നത്. ദുബൈയിൽ നിന്ന് എത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് ഇത്തവണ ഭീഷണി ഉണ്ടായത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു.
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തുടർന്ന്, വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ ടെർമിനലിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് മാറ്റിയിട്ടു. പിന്നീട്, യാത്രക്കാരെ പുറത്തിറക്കി സുരക്ഷാ പരിശോധനകൾ നടത്തി.
ബോംബ് സ്ക്വാഡ് വിമാനത്തിനകത്ത് വിശദമായി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിൽ ഈ ആഴ്ച ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നലെയും ചൊവ്വാഴ്ചയും ഇൻഡിഗോ വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ചൊവ്വാഴ്ച കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CSMIA) അടിയന്തരമായി ഇറക്കി. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. ചൊവ്വാഴ്ച പുലർച്ചെ 05.12-ഓടെയാണ് വിമാനത്താവളത്തിലെ കസ്റ്റമർ സപ്പോർട്ടിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതിനെ തുടർന്ന് പറന്നുയർന്ന 6E-1234 വിമാനം ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
അതേസമയം, വ്യാഴാഴ്ച സഊദി അറേബ്യയിലെ മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.
നേരത്തെ, നവംബർ 23-ന് ബഹ്റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിലേക്ക് തിരിച്ചുവിട്ടിരുന്നു. 154 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
