ബംഗളൂരു: മുതിർന്ന പൗരന്മാരുടെ സ്വത്തുക്കൾ സ്വന്തം പേരിലാക്കിയശേഷം ആശുപത്രികളിൽ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കർശന നടപടിയുണ്ടാവണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന മന്ത്രി ശരൺ പ്രകാശ് പാട്ടീൽ നിർദേശിച്ചു.
ഇത്തരം കേസുകളിൽ വിൽപത്രങ്ങളും സ്വത്ത് കൈമാറ്റങ്ങളും റദ്ദാക്കണം. വയോധികരായ മാതാപിതാക്കളെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ അവരുടെ കുട്ടികൾ ഉപേക്ഷിക്കുന്ന നിരവധി കേസുകളുണ്ടെന്ന് മന്ത്രി പറഞ്ഞു.ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മാത്രം ഇത്തരത്തിൽ 150ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും സമാനമായ 100ലധികം കേസുകളുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ബി.എൽ.
സുജാത റാത്തോഡിനോട് എല്ലാ സ്ഥാപന മേധാവികളെയും ഇതുസംബന്ധിച്ച് വിവരമറിയിക്കാനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ അസിസ്റ്റന്റ് കമീഷണർമാർക്ക് പരാതി നൽകാനും മന്ത്രി നിർദേശിച്ചു. ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കുവേണ്ടി നടത്തുന്ന വിൽപത്രങ്ങളും സ്വത്ത് കൈമാറ്റങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഭക്ഷണവും വസ്ത്രവും താമസവും ലഭിക്കുമെന്ന് മനസ്സിലാക്കി മക്കൾ ആശുപത്രികളിൽ ഉപേക്ഷിച്ചുപോയതായി പല ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും പറഞ്ഞിരുന്നു.
ചിലർ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ മിക്ക കേസുകളിലും പ്രായമായ വ്യക്തികൾ അവരുടെ സ്വത്തുക്കൾ മക്കൾക്ക് കൈമാറിയശേഷം ഉപേക്ഷിക്കപ്പെട്ടതായാണ് സംഭവിച്ചിട്ടുള്ളത്. ഉപേക്ഷിക്കപ്പെട്ട ഈ വയോധികരെ സഹായിക്കാൻ ബെളഗാവിയിലും പരിസരങ്ങളിലുമുള്ള റിട്ടയർമെന്റ് ഹോമുകളിൽ 70 മുതിർന്ന പൗരന്മാർക്ക് ബിംസ് അധികൃതർ അഭയമൊരുക്കി. അതേസമയം പലരും ആശുപത്രികളിൽത്തന്നെ കഴിയുകയാണ്.
2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം അസിസ്റ്റന്റ് കമീഷണർമാർ നടപടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മെഡിക്കൽ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ പരാതികൾ ഫയൽ ചെയ്യണമെന്ന് മന്ത്രി പാട്ടീൽ ആവശ്യപ്പെട്ടു. പലർക്കും ഈ നിയമത്തെക്കുറിച്ച് അറിയില്ല. മക്കളോ ബന്ധുക്കളോ മുതിർന്ന പൗരന്മാർക്ക് സാമ്പത്തികവും വൈദ്യപരവുമായ സഹായം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.
അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് അവരുടെ മക്കൾക്ക് അനുകൂലമായി നടത്തിയ സ്വത്ത് കൈമാറ്റം റദ്ദാക്കാൻ നിയമപരമായ അവകാശമുണ്ട്- മന്ത്രി പറഞ്ഞു. നിയമത്തിലെ സെക്ഷൻ 23 അനുസരിച്ച് സ്വത്ത് പാരമ്പര്യമായി ലഭിച്ചതിനുശേഷം മക്കൾ മാതാപിതാക്കളെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ വിൽപത്രങ്ങളോ സ്വത്ത് കൈമാറ്റങ്ങളോ റദ്ദാക്കാനും പ്രായമായ മാതാപിതാക്കൾക്ക് ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കാനും നിയമം പറയുന്നു.
ഉപേക്ഷിക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് നീതി ഉറപ്പാക്കാനും അവരുടെ മക്കളെ ഉത്തരവാദിത്തത്തിൽ കൊണ്ടുവരാനും സർക്കാർ നടപടിയെടുക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.