കാസർകോട് : ഇല്ലാത്ത കേസിന്‍റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവാവ്. ഫെയ്സ്ബുക്കിലൂടെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍. വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൊലീസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സിനാൻ കുമ്പള എന്ന യുവാവ് പങ്കുവെച്ചത്. ‘കുമ്പളകാരൻ ബീരാൻ’ എന്ന പേരിലെ വ്യാജ അക്കൗണ്ട് തന്റേതാണെന്ന് വരുത്തി തീർക്കാൻ പൊലീസ് ശ്രമിച്ചുവെന്നും, കുറ്റം ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ദേഹോപദ്രവം അടക്കം ഏൽപ്പിച്ചെന്നും യുവാവ് കുറിപ്പിലൂടെ ആരോപിക്കുന്നു.
യുവാവുമായി ഒരു ബന്ധവുമില്ലാത്ത ഫെയ്സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സിനാനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചു മനസിലാക്കിയ യുവാവ് തനിക്ക് അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ഇതിനും മുന്‍പും ഇതേ വിഷയത്തിൽ സൈബർ സെൽ തന്റെ ഫോൺ പരിശോധിച്ചതാണെന്ന കാര്യവും സിനാൻ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് വിശ്വസിക്കാത്ത പൊലീസിന്‍റെ ചോദ്യം ചെയ്യല്‍ രീതി പതുക്കെ മാറി.
യുവാവിനെയും മരിച്ചു പോയ ഉപ്പായെയും കേട്ടാൽ അറച്ചു പോകുന്ന ഭാഷയിൽ തെറി വിളിച്ചു.പല തരത്തിലും ഭീഷണി പെടുത്തി. മർദിച്ചു. കുറ്റം ഏൽക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ പറയുന്നു. പെപ്പർ സ്പ്രേ അടിക്കും. കുറ്റം സമ്മതിച്ചില്ലെങ്കിലും ജയിലിലേക്ക് മാറ്റും. കോടതിയിലേക്ക് കൊണ്ട് പോവും. കുറ്റം സമ്മതിച്ചാൽ നിനക്ക് ഇപ്പോൾ തന്നെ വീട്ടിൽ പോവാം എന്നെല്ലാം പറഞ്ഞെങ്കിലും താൻ കുറ്റം ചെയ്യാത്ത കുറ്റം ഏൽക്കാൻ തയ്യാറായില്ല എന്നും സിനാൻ വ്യക്തമാക്കി.