കുറ്റ്യാടി: കക്കട്ടിൽ അങ്ങാടിയിൽ വയോധികനെ വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ. മധുകുന്ന് പുന്നൂപറമ്പത്ത് ഗംഗാധരനെ (65) ആക്രമിച്ച കേസിൽ കക്കട്ടിൽ സ്വദേശി ലിനീഷിനെയാണ് സി.ഐ എ.പി. കൈലാസ്നാഥ് അറസ്റ്റ് ചെയ്തത്.
പരിസരത്തെ കടകളിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. കടലാസിൽ പൊതിഞ്ഞ വടിവാൾ മഴക്കോട്ടിനുള്ളിൽ ഒളിപ്പിച്ച പ്രതി, ഇടവഴിയിൽ കയറി മഴക്കോട്ട് ധരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് മുഖം മാസ്ക് കൊണ്ട് മറച്ച് കടലാസിൽ പൊതിഞ്ഞ കൊടുവാളുമായി വന്നാണ് ആളുകൾ നോക്കിനിൽക്കെ പ്രതി ആക്രമിക്കുന്നത്. സംഭവ ശേഷം വയനാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. അവിടെ നിന്നാണ് പിടിയിലാവുന്നത്. ആക്രമിക്കാനുള്ള കാരണം എന്തെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന തർക്കങ്ങളും അടിപിടിയുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത് ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും എതിർത്തിരുന്നു.
തുടർന്ന് വാക്കേറ്റവും അടിപിടിയും ഉണ്ടായതായും മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.