ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട്; മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ കേസ്

news image
Mar 10, 2025, 9:29 am GMT+0000 payyolionline.in

കൊച്ചി: ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വെടിക്കെട്ട്.

മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ ഈ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെടിക്കെട്ട് നടത്തി എന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.
നിയമാനുസൃതമായി ഉപയോഗിക്കാൻ പാടില്ലാത്തതും അപകട സാധ്യത കൂടിയതുമായ സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉപയോഗിച്ചു എന്നുള്ളതാണ് ഭാരവാഹികൾക്കെതിരായി രജിസ്റ്റ‍ർ ചെയ്തിരിക്കുന്ന കുറ്റം. വടക്കേ ചേരുവാരം കരയുടെ ഭാരവാഹികളായ പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റുള്ളവർക്കും എതിരെയാണ് പൊലീസ് നടപടി തുടങ്ങിയത്. തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe