2024 ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായിയിരുന്നുവെന്നാണ് യൂറോപ്യൻ കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംസ്ഥാനത്തും ചൂട് കനക്കുകയും കാലാവസ്ഥയിൽ ഗണ്യമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നുണ്ട്. മാർച്ച്,ഏപ്രിൽ,മെയ് മാസങ്ങളിൽ അനുഭവപ്പെട്ടിരുന്ന കനത്ത ചൂട് ഇപ്പോൾ ജനുവരി മാസം മുതലേ പ്രകടമാകുന്നു. സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാനുള്ള സാധ്യത ജനുവരി രണ്ടാംവാരം മുതലേ അധികൃതർ നൽകി തുടങ്ങിയിരുന്നു. ഫെബ്രുവരി മാസമായതോടെ ഉഷ്ണതരംഗ സാധ്യത ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളും വന്നുതുടങ്ങി. കടുത്ത വേനൽ മനുഷ്യനുമാത്രമല്ല കന്നുകാലികളെയും പക്ഷികളെയും മറ്റു വളർത്തുമൃഗങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കടുത്ത ചൂടിൽ മൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് ഇടുക്കി ജില്ലാ പബ്ലിക് റിലേഷൻ ഓഫീസർ ഡോ. നിഷാന്ത് എം പ്രഭ സംസാരിക്കുന്നു.
കന്നുകാലികളെയും മറ്റു വളർത്തുമൃഗങ്ങളെയും പക്ഷികളെയും കനത്ത ചൂട് എങ്ങനെ ബാധിക്കുന്നു
ചൂട് കനക്കുമ്പോൾ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഉത്പാദന ശേഷി കുറയും. ശരീരത്തിലെ ചൂട് ക്രമീകരിക്കുന്നതിന് തീറ്റയും വെള്ളവും കൂടുതലായി ആവശ്യമായി വരും. പ്രതിരോധശേഷി നഷ്ടപ്പെട്ട് പെട്ടെന്ന് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതകളും കൂടുതലാണ്.
വളർത്തു മൃഗങ്ങളിൽ വരാന് സാധ്യതയുള്ള വേനൽക്കാല രോഗങ്ങൾ
സൂര്യാഘാതം – ചൂട് വർധിക്കുമ്പോൾ സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. തുറസ്സായ സ്ഥലത്ത് ചൂട് കൂടിയ സ്ഥലങ്ങളിൽ കെട്ടിയിടുന്നത് ഒഴിവാക്കണം.
പാസ്ചുറല്ല/കുരലടപ്പൻ – പാസ്ചുറല്ല മൾട്ടോസിഡ എന്ന് പേരുള്ള ബാക്ടീരിയകളാണ് കുരലടപ്പൻ രോഗമുണ്ടാക്കുന്നത്. പശുക്കളുടെ ശ്വസനനാളത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന പാസ്ച്ചുറല്ല ബാക്ടീരിയ പെരുകുന്നതാണ് പ്രധാനമായും രോഗത്തിന് കാരണമാവുന്നത്. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത്, പ്രതികൂല കാലാവസ്ഥ, കാലാവസ്ഥയിൽ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങൾ എന്നിവയും രോഗത്തിന് കാരണമാകും.
ശ്വാസകോശത്തെയും ദഹനവ്യൂഹത്തെയുമാണ് പാസ്ചുറല്ല രോഗാണുക്കൾ പ്രധാനമായും ബാധിക്കുന്നത്. ക്രമേണ രോഗാണുക്കൾ രക്തത്തിൽ പടരുകയും മറ്റ് ശരീരാവയങ്ങളിലെല്ലാം എത്തുകയും വിഷവസ്തുക്കൾ പുറതള്ളുകയും രോഗം തീവ്രമാകുകയും ചെയ്യുന്നു. ഉയർന്ന പനി, ശ്വാസോച്ഛ്വാസത്തിന് ആയാസം, ഉമിനീർ പതഞ്ഞൊലിക്കൽ, മൂക്കിൽ നിന്ന് കട്ടിയുള്ള സ്രവമൊലിക്കൽ, കണ്ണിൽ പീളകെട്ടൽ, തീറ്റയെടുക്കാതിരിക്കൽ, പാലുല്പാദനത്തിലെ കുറവ്, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ഹീമോപ്രോട്ടോസോവൻ രോഗങ്ങൾ – രക്തപരാദങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും വേനൽകാലത്ത് വർധിക്കാനിടയുണ്ട്. തൈലേറിയ, അനാപ്ലാസ്മ, ബബീസിയ മുതലായ രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
രോഗ പ്രതിരോധ ശേഷി കുറയുന്നതുമൂലം അകിടുവീക്കം പോലുള്ള രോഗങ്ങളുമുണ്ടാകാം. തീറ്റയുടെ അഭാവം മൂലം പതിവായി കൊടുക്കുന്ന തീറ്റകളിൽ മാറ്റം വരുത്തുന്നതുമൂലം ഉദരസംബന്ധമായ പ്രശ്നങ്ങൾക്കും ദഹനരോഗങ്ങൾക്കും സാധ്യതയുണ്ട്.
ആഹാരത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്
വേനൽ കടുത്തതോടെ പച്ച പുല്ലിനുൾപ്പെടെ ക്ഷാമം വന്നിട്ടുണ്ട്. കപ്പത്തൊലി, ചക്ക, കഞ്ഞി പോലെ സാധരണ കൊടുക്കുന്ന ആഹാരത്തിന് വിപരീതമായ ഭക്ഷ്യ സാധനങ്ങൾ കൊടുക്കുന്നതിലൂടെ ഉദരസംബന്ധമായ രോഗങ്ങളുണ്ടാവാനിടയുണ്ട്. വിഷാംശം ഉള്ളിൽചെന്നും ദഹനക്കേട് വന്ന് വയറുകമ്പിച്ച് ശ്വാസംമുട്ടിയൊക്കെ കന്നുകാലികൾ ചത്തുപോകാനുള്ള സാധ്യതയുണ്ട്.
കപ്പയുടെ ഇല, തൊലി മുതലായവ ആഹാരമായി കൊടുക്കുമ്പോൾ സൂര്യപ്രകാശത്തിൽ നല്ല പോലെ ഉണക്കി കൊടുക്കണം. അൾട്രാ വയലറ്റ് രശ്മികളേൽക്കുമ്പോൾ സയനൈഡിന്റെ അംശത്തിൽ കുറവുവരും. പുതുതായി എന്ത് ആഹാരം കൊടുത്താലും അൽപാൽപമായി കൊടുക്കുകയും ക്രമേണ അളവ് ഉയർത്തിക്കൊണ്ടുവന്ന് ശീലിപ്പിക്കുകയും ചെയ്യണം. ഒറ്റ നേരം കൂടുതൽ അളവിൽ പുതിയ തീറ്റ കൊടുക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങളും വിഷബാധയും ഉണ്ടാകാൻ സാധ്യതയുണ്ട്.
ബാലൻസ്ഡ് ഡയറ്റ് പ്ലാൻ
വേനൽക്കാലത്ത് ഒരു ബാലൻസ്ഡ് ഡയറ്റ് പ്ലാൻ മൃഗങ്ങൾക്ക് ആവശ്യമാണ്. ധാരാളം ശുദ്ധജലം കൊടുക്കണം. സാധരണ കൊടുക്കുന്ന അളവിൽ നിന്നും ഉപരിയെന്നതിന് പുറമേ വളർത്തുമൃഗങ്ങൾക്ക് ആവശ്യമുള്ള സമയങ്ങളിൽ കുടിക്കാൻ സാധിക്കുന്ന വിധത്തിൽ ശുദ്ധജലം ഉറപ്പാക്കണം. ധാതുലവണങ്ങളും വിറ്റാമിൻ മിശ്രിതങ്ങളും കൊടുക്കണം. കന്നുകാലികൾക്ക് ശരീര താപനില നിലനിർത്തുന്നതിന് അന്നജം കൂടുതലടങ്ങിയ കാലിത്തീറ്റയും ഖരാഹരങ്ങളും ചൂടു കുറവുള്ള സമയങ്ങളിൽ കൊടുക്കണം. ഭക്ഷണത്തിൽ ഊർജ്ജദായകമായ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കൂട്ടുന്നതിന് പരുത്തിക്കുരു, സോയാബീൻ എന്നിവയും തീറ്റയിൽ ഉൾപ്പെടുത്തുക.
സൂര്യാഘാത ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം
അമിതമായ ഉമിനീരൊലിപ്പിക്കൽ, മൂക്കിൽ നിന്ന് ദ്രാവകം ഒലിച്ചിറങ്ങുക, തളർച്ച, കിതപ്പ്, പെട്ടെന്നുള്ള ശ്വാസമെടുപ്പ്, പൊള്ളൽ, കണ്ണിലെ ചുവപ്പ്, തുടങ്ങിയവ സൂര്യഘാതത്തിന്റെ ലക്ഷണങ്ങളാവാം.
സൂര്യാഘാതം മൂലം കന്നുകാലികൾ ചത്തുപോകുകയാണെങ്കിൽ അതാത് പഞ്ചായത്ത്, മുൻസിപ്പാലിറ്റികളിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം. മിൽമയിൽ പാലളക്കുന്ന കർഷകരാണെങ്കിൽ മിൽമയിലും വിവരം അറിയിക്കണം. പ്രകൃതി ദുരിതത്തിന്റെ ധനസഹായം കർഷകർക്ക് ലഭിക്കും. കാലാകാലങ്ങളിൽ ഫണ്ടിനനുസൃതമായാണ് ധനസഹായം അനുവദിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട രേഖകളും ഫോട്ടോകളും സഹിതം അപേക്ഷ നൽകണം.
വിദേശയിനം വളർത്തുമൃഗങ്ങൾക്ക് കൂടുതൽ ശ്രദ്ധ വേണം
വിദേശയിനം വളർത്തുമൃഗങ്ങൾക്ക് നാടൻ മൃഗങ്ങളെ അപേക്ഷിച്ച് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും. അതുക്കൊണ്ടുതന്നെ സൂര്യാഘാതം പോലുള്ള വേനൽക്കാല രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിയുന്നതും തണലൊരുക്കുക, വായു സഞ്ചാരം ഉറപ്പുവരുത്തുക, ആസ്പക്ടോസ് ഷീറ്റുമുതലായവക്കൊണ്ട് മറച്ച കൂടികളാണെങ്കിൽ അതിന് താഴെ ഒരടി അല്ലെങ്കിൽ ഒന്നരയടി താഴ്ചയിൽ മച്ചുപോലെ ഓലയൊക്കെയിട്ട് ചൂട് നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കാം. വാൾ ഫാനുകൾ വച്ചുകൊടുക്കാം. വെള്ളം മഞ്ഞുപോലെ സ്പ്രേ ചെയ്യിക്കുന്ന മിസ്റ്റ് സ്പ്രേ സംവിധാനവും ഉപയോഗപ്പെടുത്താം.
തെരുവ് നായകൾക്കും വെള്ളമൊരുക്കാം
തെരുവ് നായകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. തെരുവ് നായകൾക്ക് ആവശ്യമായ ജലം, ഭക്ഷണം എന്നിവ ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഇവ ആക്രമണകാരികളാകാനുള്ള സാധ്യത തള്ളികളയാനാവില്ല. സഹജീവി സ്നേഹം മുൻനിർത്തി ജലം ചട്ടികളിലും ചെറിയ പാത്രങ്ങളിലും പുറത്തുനൽകുന്നത് നല്ലതാണ്. നാക്കു പുറത്തേക്കിട്ട് അമിതമായി ഉമിനീരൊലിപ്പിക്കുന്നതും കിതപ്പും തളർച്ചയും ബോധംക്കെട്ടുപോകുന്നതും സൂര്യഘാത ലക്ഷണങ്ങളുമാകാം.