കൊച്ചിയില്‍ രക്ഷിതാക്കള്‍ ഉപേക്ഷിച്ച് പോയ കുഞ്ഞിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍

news image
Feb 21, 2025, 2:57 pm GMT+0000 payyolionline.in

കൊച്ചി: കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ രക്ഷിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കു‍ഞ്ഞിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്.

കൊണ്ടുവന്നപ്പോൾ 960​ ​ഗ്രാം ആയിരുന്നു കു‍ഞ്ഞിന്റെ തൂക്കം. ഇപ്പോഴത് 975 ​ഗ്രാം ആയി ഉയർന്നിട്ടുണ്ട്. കുഞ്ഞിന് ആവശ്യം വേണ്ട പോഷകങ്ങൾ നൽകുന്നുണ്ടെന്നും ശിശുരോ​ഗവിദ​ഗ്ധനായ ഡോക്ടർ റോജോ ജോയ് പറഞ്ഞു. സർക്കാർ നിർദേശ പ്രകാരം കുഞ്ഞിനെ ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം. രക്ഷിതാക്കൾ കു‍ഞ്ഞിനെ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടർ റോജോ പറഞ്ഞു.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടേതാൻ് കുഞ്ഞ്. ഇവർ പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുകയായിരുന്നു.

ഒരു കിലോയില്‍ താഴെ മാത്രം ഭാരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവര്‍ സ്വകാര്യ ആശുപത്രിയിലെ എന്‍ഐസിയുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതാവുകയായിരുന്നു. അവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ചയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

കുഞ്ഞിനെ ലൂർദ്ദ് ആശുപത്രിയിലേക്ക് കൊണ്ടു വന്ന സമയത്ത് കുട്ടിയുടെ അമ്മയുടെ ചികിത്സ ജനറൽ ആശുപത്രിയിൽ ആയിരുന്നു. അച്ഛൻ‌ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ‌ നിന്നു ഡിസ്ചാർജ് ചെയ്തു. എന്നാൽ അന്നുവരെ കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ലെന്നാണ് വിവരം. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങിയെന്നാണ് ആശുപത്രി അധികൃതർക്ക് ലഭിച്ച വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe