തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡിജിപിയുടെ ഉത്തരവ്. ഇതുവരെ രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറൽ, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് കൈമാറിയത്. ലോക്കൽ പൊലീസ് എടുക്കുന്ന മറ്റ് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറും. ഓരോ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘങ്ങളാകും കേസുകളിൽ അന്വേഷണം നടത്തുക.
തട്ടിപ്പിലൂടെ കിട്ടിയ കോടികൾ ചിലവഴിച്ച് തീർന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൊഴി. വാഗ്ദാനം ചെയ്ത ഉപകരണങ്ങൾ വാങ്ങാനും പലർക്കും കൊടുക്കാനുമായി പണം ചെലവിട്ടുവെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മതം മൊഴി ഉൾപ്പെടെ ചേർത്ത് പൊലീസ് റിപ്പോർട്ട് തയ്യാറാക്കും. കസ്റ്റഡി കാലാവധി കഴിയുന്നതോടെ ഇയാളെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം ജില്ലയിൽ മാത്രം 960 സ്കൂട്ടറുകളാണ് നൽകാനുള്ളത്. ആനന്ദകുമാറിനെ വിശ്വസിച്ചാണ് നാഷണൽ എന്‍ജിഒ കോൺ ഫെഡറേഷനിൽ അംഗമായതെന്ന് വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻ്റെ ശ്രീകുമാർ പറഞ്ഞു. സുകൃതം എന്ന ചാരിറ്റബിൾ സംഘടനയുടെ പ്രസിഡൻ്റായിരുന്നു ശ്രീകുമാർ. ജില്ലയിലെ സംഘടനകയെല്ലാം ക്ഷണിച്ചത് ആനന്ദ് കുമാറാണ്. സംസ്ഥാന യോഗത്തിൽ വെച്ചാണ് അനന്തു കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. 32 സ്കൂട്ടറുകൾ ആദ്യം തന്നു. 125 ന് പണം അടച്ചു. അതില്‍ 59 തന്നു. 66 എണ്ണം വെങ്ങാനൂർ പഞ്ചായത്തിൽ മാത്രം കിട്ടാനുണ്ടെന്നും വിമൺ ഓൺ വിൽ എന്ന പദ്ധതി വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ശ്രീകുമാർ പറഞ്ഞു.