കോഴിക്കോട് : 2006ലെ വനാവകാശ നിയമപ്രാകരം ഭൂമിക്ക് വ്യക്തിഗത വനാവകാശരേഖ നൽകിയ സംസ്ഥാനത്തെ 566 ആദിവാസി ഊരുകൾ ഇനി റവന്യൂ വില്ലേജുകൾ. നിലവിലെ ഫോറസ്റ്റ് വില്ലേജുകളെ റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യുന്നതിന് കലക്ടർമാരെ ചുമതപ്പെടുത്തി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കി.
വനാവകാശരേഖ (ആർ.ഒ.ആർ) നൽകിയ പട്ടികവർഗ സങ്കേതങ്ങൾ, ഊരുകൾ, രേഖപ്പെടുത്തിയതോ വിജ്ഞാപനം ചെയ്തതോ അല്ലാത്തതോ ആയ എല്ലാ വനഗ്രാമങ്ങളും വാസസ്ഥാനങ്ങളും സർവേ ചെയ്യാത്ത ഗ്രാമങ്ങളും നിലനിൽക്കുന്ന ഭൂമി (ഫോറസ്റ്റ് വില്ലേജ്) റവന്യൂ വില്ലേജുകളായി പരിവർത്തനപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്ത് കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രാലയം 2013ൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
നാളിതുവരെ, റവന്യൂ വില്ലേജുകളായി പരിവർത്തനം ചെയ്യേണ്ടുന്ന 566 സങ്കേതങ്ങളിൽ ഉൾപ്പെടുന്ന 29,139 പട്ടികവർഗ കുടുംബങ്ങൾക്ക് 38581.509 ഏക്കർ ഭൂമിക്ക് വനാവകാശരേഖ നൽകിയിട്ടുണ്ടെന്നും ആയത് റവന്യൂ വില്ലേജുകളായി പരിവർത്തനപ്പെടുത്തേണ്ടത് ആവശ്യമാണെന്നും വ്യക്തമാക്കി പരാമർശം (3) പ്രകാരം ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് സമർപ്പിച്ചു.
ഇത് പ്രകാരം പാലക്കാടാണ് ഏറ്റവുമധികം ഊരുകൾ പരിവർത്തനം പെടുത്തേണ്ടത്. ആകെ-138 ആദിവാസി ഊരുകൾ. അതിലേറെയും അട്ടപ്പാടിയിലാണ്. ഇടുക്കിയാണ് ഊരുകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 114 ആദിവാസി ഊരുകൾ ഇടുക്കിയിൽ റവന്യൂ വില്ലേജുകളായി മാറ്റും. ആദിവാസികൾ ഏറെയുള്ള വയനാട്ടിൽ 101 ഊരുകളാണ് പരിവർത്തനം ചെയ്യേണ്ടത്. തിരുവനന്തപുരം-49, കൊല്ലം-14, പത്തനംതിട്ട-22, കോട്ടയം-13, എറണാകുളം-15, തൃശ്ശൂർ-35, മലപ്പുറം- 36, കോഴിക്കോട്- 05, കണ്ണൂർ- 24 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ഫോറസ്റ്റ് വില്ലേജുകളെ വില്ലേജുകളായി പരിവർത്തനപ്പെടുത്തുമ്പോൾ നിർദേശങ്ങൾ കർശനമായും പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പരിവർത്തനപ്പെടുത്തുന്ന പ്രദേശങ്ങളിലെ കൈവശരേഖ (ആർ.ഒ.ആർ) അനുവദിച്ച ഭൂമിയുടെ വിവരങ്ങൾ സപ്ലിമെൻററി ബി.ടി.ആറിൽ (അടിസ്ഥാന നികുതി രജിസ്റ്റർ) രേഖപ്പെടുത്തണം. ഡിജിറ്റൽ സർവേ നടക്കുന്ന വേളയിൽ ഇത് ബി.ടി.ആറിൽ ഉൾപ്പെടുത്തണം.
വനാവകാശരേഖ അനുവദിച്ചവരുടെ പേര് വിവരങ്ങളും, ഭൂമിയുടെ വിസ്തീർണവും ഉൾപ്പെടുത്തി തണ്ടപ്പേർ അക്കൗണ്ടിൽ രേഖപ്പെടുത്തണം. ഇത്തരത്തിൽ നൽകുന്ന സർവേ നമ്പർ, തണ്ടപ്പേർ നമ്പർ എന്നിവയുടെ മുൻപിൽ എഫ്.ആർ (വനാവകാശം) എന്ന അക്ഷരത്തിൽ കൂടി എഴുതണം. ഡിജിറ്റൽ സർവേ പൂർത്തിയായതിന് ശേഷവും എഫ്.ആർ എന്ന അക്ഷരങ്ങൾ സർവേ നമ്പറിൻറേയും, തണ്ടപ്പേർ നമ്പറിന്റെയും മുന്നിൽ നിലനിർത്തണം.
സർവേ നമ്പർ, തണ്ടപ്പേർ നമ്പർ അനുവദിക്കുന്ന ഭൂമിയുടെ കൈവശക്കാരിൽ നിന്നും 1961ലെ കേരള ഭൂനികുതി നിയമപ്രകാരം ഭൂനികുതി ഈടാക്കും. 2006ലെ വനാവകാശ നിയമത്തിലെ വകുപ്പ് നാല് (നാല്) പ്രകാരം ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല. അതേസമയം, പിൻതുടർച്ചാവകാശം ഉണ്ടായിരിക്കും. അനന്തരാവകാശികൾക്ക് കൈമാറുന്നതിനെ തുടർന്ന് നിലവിൽ വരുന്ന സബ്ഡിവിഷൻ സർവേ നമ്പറിന്റെയും, തണ്ടപ്പേർ നമ്പറിൻറേയും മുന്നിലായി എഫ്.ആർ എന്ന അക്ഷരങ്ങൾ നിർബന്ധമായും ചേർക്കണം.
കേന്ദ്ര സർക്കാറിൻറെ ഗോത്രവർഗകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പ്രകാരം കലക്ടർമാർ റവന്യൂ വില്ലേജുകളായി പരിവർത്തനപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് സമയക്രമം തയാറാക്കണം. ഓരോ ഘട്ടത്തിൻറേയും പൂർത്തീകരണം സംബന്ധിച്ച റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർ വഴി സർക്കാറിന് സമർപ്പിക്കണം.