ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ടാം ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് മോദി നിർമലയെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. എല്ലാവരും നിങ്ങളെ പുകഴ്ത്തുന്ന വളരെ നല്ല ബജറ്റാണ് ഇതെന്നായിരുന്നു നിർമലയുടെ പുകഴ്ത്തുന്നു.
മധ്യവർഗത്തെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ തന്റെ എട്ടാം ബജറ്റ് അവതരിപ്പിച്ചത്. ആദായ നികുതിയിൽ നൽകിയ വൻ ഇളവ് മധ്യവർഗത്തെ സന്തോഷിപ്പിക്കാനുള്ളതാണെങ്കിൽ ഭരണനിലനിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബിഹാറിന് വാരിക്കോരി ആനുകൂല്യങ്ങൾ നൽകിയിരിക്കുന്നത്.
പുതിയ ആദായ നികുതി പ്രകാരം 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയുണ്ടാവില്ല. പുതിയ സമ്പ്രദായപ്രകാരം 12.75 ലക്ഷം രൂപ വരെ വരുമാനമുള്ള ശമ്പളവരുമാനക്കാർക്ക് നികുതി നൽകേണ്ടതില്ല. സാധാരണക്കാർക്ക് 80,000 രൂപ വരെ പുതിയ ആദായ നികുതി ഘടനയിലൂടെ ലാഭിക്കാൻ കഴിയുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. പുതിയ പരിഷ്കാരത്തിലൂടെ ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ മുമ്പ് 15 ശതമാനം വരെ നികുതി അടക്കേണ്ടി വന്നിരുന്നു ഇതിലാണ് ധനമന്ത്രി നിർമല സീതാരാമൻ മാറ്റം വരുത്തിയിരിക്കുന്നത്.
ഇതിന് ആനുപാതികമായി മറ്റ് നികുതി സ്ലാബുകളിലും മാറ്റം വരുത്തുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. പുതിയ നികുതി ഘടനപ്രകാരം 25 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയിനത്തിൽ 1.1 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും.ഇതിനൊപ്പം മുതിർന്ന പൗരൻമാരുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കേന്ദ്രസർക്കാർ ഉയർത്തിയിട്ടുണ്ട്. 50,000 രൂപയുണ്ടായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കിയാണ് ഉയർത്തിയത്. വാടകയിനത്തിലെ ടി.ഡി.എസിന്റെ വാർഷിക പരിധി 2.4 ലക്ഷത്തിൽ നിന്നും ആറ് ലക്ഷമാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്.
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റിലും ബിഹാറിന് വാരിക്കോരി നൽകിയിട്ടുണ്ട്.. പുതിയ വിമാനത്താവളവും ഐ.ഐ.ടിക്കായി പുതിയ പദ്ധതിയും നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.പ്രോട്ടീൻ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാൻ ബിഹാറിൽ മഖാന ബോർഡ് സ്ഥാപിക്കും. പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില് ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. നിലവിലെ പറ്റ്ന വിമാനത്താവളം നവീകരിക്കും.
പട്ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ് തുടങ്ങും. സംസ്ഥാനത്ത് പ്രത്യേക കനാല്‍ പദ്ധതി നടപ്പാക്കും. മിതിലാഞ്ചല്‍ മേഖലയിലെ വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിയും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു.
ഇതിനൊപ്പം കർഷകർക്കും സംരംഭകർക്കും ആശ്വാസമേകുന്ന ചില പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തിയതും സംസ്ഥാനങ്ങളുമായി ചേർന്ന് പ്രധാനമന്ത്രി ധ്യാൻ യോജന പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും കർഷകർക്ക് ഗുണകരമാണ്. പുതു സംരംഭകർക്കായി കൂടുതൽ വായ്പകൾ നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഷൂറൻസ്, ആണവ മേഖല എന്നിവക്കായും പ്രത്യേക പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചു.