ബേപ്പൂർ: കുട്ടികൾ അടങ്ങിയ വാഹന മോഷണ സംഘം പിടിയിലായി. പള്ളിക്കൽ ബസാറിൽ താമസിക്കുന്ന ഫറോക്ക് പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷഹീം (18) ഉം പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളുമാണ് ഇൻസ്പെക്ടർ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള ബേപ്പൂർ പൊലീസും ഫറോക്ക് ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം അഞ്ചിന് ബേപ്പൂർ അന്താരാഷ്ട്ര ജലമേളക്കിടെ വിവിധ പാർക്കിങ് സ്ഥലങ്ങളിൽനിന്നും നാലോളം ബൈക്കുകൾ മോഷണം പോയിരുന്നു. മൂന്ന് ബൈക്കുകൾ അടുത്ത ദിവസങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. മോഷ്ടാക്കളെ പിടികൂടുന്നതിനായി ഫറോക്ക് ക്രൈം സ്ക്വാഡ് പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ നാലംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. നാല് പേർക്കും ബൈക്ക് സ്വന്തമെന്ന മോഹവുമായാണ് മോഷണം ആസൂത്രണം ചെയ്തത്.
മൂന്ന് വാഹനങ്ങൾ അത്ര നല്ലതല്ലാത്തതിനാൽ അന്നേ ദിവസം തന്നെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു ബൈക്ക് മലപ്പുറം ഭാഗത്തേക്ക് ഓടിച്ച് പോയതായി വ്യക്തമായതിനാൽ മലപ്പുറം, കൊണ്ടോട്ടി ഭാഗങ്ങളിലെ സമൂഹമാധ്യമങ്ങൾ വഴി മോഷണ സംഘത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. കൊണ്ടോട്ടി, പള്ളിക്കൽ ബസാർ ഭാഗത്ത് വാഹനം ഉണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിലായത്.
പിടികൂടിയ കുട്ടികളെ പൊലീസ് ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി. പ്രതി മുഹമ്മദ് ഷഹീമിനെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫറോക്ക് ക്രൈം സ്ക്വാഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ, സീനിയർ സി.പി.ഒ മാരായ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, സി.പി.ഒ മാരായ സനീഷ് പന്തീരാങ്കാവ്, അഖിൽ ബാബു ബേപ്പൂർ സ്റ്റേഷനിലെ എസ്.ഐമാരായ രവിന്ദ്രൻ, ധനീഷ് , ഷനോജ് പ്രകാശ് എസ്.സി.പി.ഒ അനീഷ് സദാശിവൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.