വെടിനിർത്തൽ: ഹൂതികൾ പിടികൂടിയ ഇസ്രായേൽ കപ്പലിലെ ജീവനക്കാരെ 14 മാസത്തിന് ശേഷം വിട്ടയച്ചു

news image
Jan 22, 2025, 4:59 pm GMT+0000 payyolionline.in

സൻആ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് ഹൂതി വിമതർ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ ഒടുവിൽ വിട്ടയച്ചു. 2023 നവംബർ 19ന് പിടികൂടിയ ഗാലക്‌സി ലീഡർ എന്ന കപ്പലിലെ 25 ജീവനക്കാരെയാണ് 14 മാസത്തിന് ശേഷം മോചിപ്പിച്ചത്.

ഇസ്രായേലി സമ്പന്നനായ എബ്രഹാം റാമി ഉങ്കറുമായി ബന്ധമുള്ള കപ്പൽ യെമൻ തീരത്ത് നിന്നാണ് ഹൂതി സേന പിടിച്ചെടുത്തത്. ജീവനക്കാരെ വിട്ടയച്ച വിവരം ഹൂതികളുടെ ഉടമസ്ഥതയിലുള്ള അൽ മസിറ ടി.വിയാണ് പുറത്തുവിട്ടത്. ഗസ്സയിൽ ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വിട്ടയച്ച ജീവനക്കാരെ ഒമാന് കൈമാറി.

ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലുകൾ ചെങ്കടൽ വഴി കടത്തിവിടില്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാപ്പനീസ് കമ്പനി നടത്തിപ്പിനെടുത്ത കപ്പൽ ചെങ്കടൽ വഴി സഞ്ചരിക്കുന്നതിനിടെ പിടികൂടിയത്. തുടർന്ന് ഹൂതി സായുധ വിഭാഗത്തിനായിരുന്നു യെമനിലെ ഹുദൈദ പ്രവിശ്യയിലെ തുറമുഖത്ത് അടുപ്പിച്ച കപ്പലിന്റെ നിയന്ത്രണം. യുക്രെയ്ൻ, മെക്സിക്കോ, ഫിലിപ്പീൻസ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ജീവനക്കാർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe