കൊല്‍ക്കത്ത: ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ സംസ്ഥാനത്തിന് അപ്പീൽ നൽകാനാകില്ലെന്ന് സിബിഐ. കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാനത്തിന്റെ അപ്പീൽ പരിഗണിക്കവേയാണ് വാദം. അന്വേഷണ ഏജൻസി എന്ന നിലയിൽ സിബിഐ അപ്പീൽ നൽകും. കോടതി ഇടപെടൽ കൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറിയതെന്ന് ബംഗാൾ സർക്കാർ. ക്രമസമാധാനം സർക്കാരിന്റെ വിഷയമെന്നും ബംഗാർ സർക്കാർ കൂട്ടിച്ചേര്‍ത്തു.
അപ്പീൽ ഫയൽ ചെയ്യാൻ പ്രതിയെ കാണാൻ അനുവദിക്കുന്നില്ലെന്ന് സഞ്ജയ് റോയുടെ അഭിഭാഷകൻ പറഞ്ഞു. ഇതിന് അനുമതി നൽകാൻ സർക്കാരിന് നിർദ്ദേശമുണ്ട്. കേസ് അടുത്ത തിങ്കളാഴ്ച്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ ബംഗാൾ സർക്കാർ അപ്പീൽ നൽകിയിരുന്നു. പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു ആവശ്യം. കോടതി വിധിയിലെ കൊൽക്കത്ത പൊലീസിനെതിരായ പരാമർശം സർക്കാരിനെതിരെ ബി ജെ പി ആയുധമാക്കുകയാണ്.
വധശിക്ഷ വിധിക്കുമെന്ന് കരുതിയ കേസിൽ പ്രതിക്ക് ശിക്ഷ ജീവപര്യന്തമായതോടെ വലിയ നിരാശയാണ് ആരോഗ്യ പ്രവർത്തകരടക്കം പങ്കുവെക്കുന്നത്. ഡോക്ടർമാരുടെ സംഘടനകൾ അടക്കം പരസ്യ പ്രസ്താവനയുമായി രംഗത്ത് എത്തി. വിധി പകർപ്പിൽ കൊൽക്കത്ത പൊലീസിനെതിരെ അതിരൂക്ഷമായ വിമർശനം വിചാരണ കോടതി ജഡ്ജി ഉയർത്തിയതോടെ ബംഗാൾ സർക്കാരും പ്രതിരോധത്തിലായി. 172 പേജുള്ള വിധിയിൽ തുടക്കം മുതൽ പൊലീസിനുണ്ടായ വീഴ്ച്ച ചൂണ്ടിക്കാട്ടുന്നു.
കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.