കൊണ്ടോട്ടി: കരിപ്പൂർ വിമാനദുരന്തത്തിൽ തകർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗങ്ങൾ ലോറിയിൽ കയറ്റി ഡൽഹിയിലേക്ക്. നാലു വർഷത്തിനുശേഷമാണ് വിമാനഭാഗങ്ങൾ മാറ്റുന്നത്. എയർഇന്ത്യയുടെ ഗുൽഗാമിലെ യാർഡിലേക്കാണ് വിമാന ഭാഗങ്ങൾ എത്തിക്കുന്നത്.
ലോറിയിൽ കൊണ്ടുപോകാൻ കഴിയാത്ത ചില ഭാഗങ്ങൾ എന്തുചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. വിമാനഭാഗങ്ങൾ സി.ഐ.എസ്.എഫ് ബാരക്കിന് സമീപത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു ഇതുവരെ. ഇവിടെ നിന്നും പിന്നീട് ലാൻഡ് അക്വിസിഷൻ ഓഫീസിന് അടുത്തേക്ക് മാറ്റി.
2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. റൺവേയിൽ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തിൽ പൈലറ്റും സഹപൈലറ്റുമടക്കം 21 പേർക്കാണ് ജീവൻ നഷ്ടമായത്. 150ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.