പയ്യോളി: ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിനോട് ചേർന്നുള്ള ഡ്രൈനേജിന്റെ സ്ലാബ് തകരുന്നത് തുടർക്കഥയാകുന്നു. ഡ്രെയിനേജ് ഉൾപ്പെടെയുള്ള ഭാഗമാണ് സർവീസ് റോഡ് എന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ഭയമില്ലാതെ ഡ്രൈനേജിന് മുകളിലൂടെ പോകാൻ കഴിയില്ലെന്ന് യാത്രക്കാർ പറയുന്നു.
നിർമ്മാണം പൂർത്തിയായപ്പോൾ മുതൽ സ്ലാബ് തകരുന്നത് പതിവായത് ഇപ്പോഴും അവസാനിച്ചിട്ടില്ല. കഴിഞ്ഞദിവസം തിക്കോടി പാലൂരിന് സമീപം സ്ലാബിനു മുകളിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹനം സ്ലാബ് തകർന്നുവീണു യാത്രക്കാരന് പരിക്കേറ്റിരുന്നു. പലപ്പോഴും കുടുംബവും കുട്ടികളുമായി പോകേണ്ടി വരുന്ന സാഹചര്യത്തിൽ വലിയ അപകട ഭീഷണിയാണ് നേരിടേണ്ടി വരുന്നത്.
ഏറ്റവും ഒടുവിലായി പയ്യോളി ടൗണിനോട് ചേർന്ന് പഴയ കൃഷിഭവൻ ബിൽഡിങ്ങിന് സമീപത്ത് സ്ലാബ് കഴിഞ്ഞദിവസം രാത്രി തകർന്നു വീണു. ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. ഇക്കാര്യം ദേശീയപാത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ 10 മീറ്റർ സ്ലാബ് കഴിഞ്ഞുള്ള ഒരു മീറ്ററിൽ നിർമ്മിച്ച സ്ലാബ് മാത്രമാണ് ഇത്തരത്തിൽ വീഴുന്നതെന്നും ദേശീയപാതയുടെ പ്രവർത്തി പൂർത്തിയാകുന്ന മുറയ്ക്ക് നാലുവശത്തും ലോക്ക് ഘടിപ്പിച്ച് വീഴുന്നത് തടയാൻ കഴിയും എന്നാണ് വാദം. എന്നാൽ ദേശീയപാത നിർമ്മാണം അനന്തമായ നീളുന്ന സാഹചര്യത്തിൽ ഡ്രൈനേജ് സ്ലാബിന് മുകളിലൂടെ പോവേണ്ടി വരുന്ന വാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ജീവന് എന്ത് സുരക്ഷയാണെന്നാണ് ചോദ്യമുയരുന്നത്.