ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ ഇംറാൻ ഖാന് വീണ്ടും കുരുക്ക്. അൽ ഖാദിർ യൂനിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഇംറാൻ ഖാനെ 14 വർഷവും ഭാര്യ ബുഷ്റ ബീബിക്ക് ഏഴ് വർഷവും തടവ് ശിക്ഷ വിധിച്ചു.
കൂടാതെ ഖാനിൽ നിന്ന് 10 ലക്ഷം പാകിസ്താൻ രൂപയും ഭാര്യയ്ക്ക് 500,000 രൂപയും പിഴയും വിധിച്ചിട്ടുണ്ട്. ഇതോടെ നാലാമത്തെ പ്രധാന കേസിലാണ് ഇംറാൻഖാൻ ശിക്ഷിക്കപ്പെടുന്നത്. ദേശീയ ഖജനാവിന് 190 മില്യൻ പൗണ്ട് (5000 കോടി പാകിസ്താൻ രൂപ) നഷ്ടം വരുത്തിയെന്ന് ആരോപിച്ച് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ 202ൽ ഇംറാൻ ഖാനും ഭാര്യക്കും മറ്റ് ആറ് പേർക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു.
ഇംറാൻ ഖാൻ അധികാരത്തിലിരുന്നപ്പോൾ ഇംഗ്ലണ്ടിൽ നിന്ന് അയച്ച 5000 കോടി രൂപ നിയമവിധേയമാക്കിയതിന് പകരമായി ബഹ്രിയ ടൗൺ ലിമിറ്റഡിൽ നിന്ന് കോടിക്കണക്കിന് രൂപയും ഭൂമിയും കൈമാറാൻ ഖാനും ബുഷ്റ ബീബിയും കൈപറ്റിയെന്നാണ് ആരോപണം. ദേശീയ ട്രഷറിക്ക് വേണ്ടിയുള്ള ഫണ്ട് വ്യക്തിഗത നേട്ടങ്ങൾക്കായി വകമാറ്റുകയും അൽ-ഖാദിർ ട്രസ്റ്റിന്റെ ട്രസ്റ്റി എന്ന നിലയിൽ ബുഷ്റ ബീബിക്ക് നേരിട്ട് പ്രയോജനം ലഭിച്ചതായും നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആരോപിച്ചു.