ബാന്ദ്ര (മുംബൈ): ബോളുവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. വ്യാഴാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. നടന്റെ ബാന്ദ്ര വെസ്റ്റ് വീട്ടിലെത്തിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ നടനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ആക്രമണത്തെ തുടർന്ന് പുലർച്ചെ 3.30ഓടെ സെയ്ഫ് അലി ഖാനെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തിൽ ആറ് മുറിവുകളാണ് സെയ്ഫ് അലി ഖാന്റ ദേഹത്തുണ്ടായതെന്ന് ആശുപത്രി സിഒഒ ഡോ. നിരജ് ഉത്തമനി പറഞ്ഞു. ‘ഇതിൽ രണ്ട് മുറവുകൾ ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് ചേർന്ന് നിൽക്കുന്നതും. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്മെറ്റിക് സർജൻ ലീന ജെയിൻ, അനസ്തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. ഇത് പൂർത്തിയായാൽ മാത്രമേ താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പറയാൻ സാധിക്കൂ.’- ഡോ. നിരജ് ഉത്തമനി കൂട്ടിച്ചേർത്തു.
ബാന്ദ്ര വെസ്റ്റിലെ സെയ് അലി ഖാന്റെയും ഭാര്യ കരീന കപൂറിന്റെയും വീട്ടിലായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും കവർച്ചയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു.