ഇനി വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ; മാപ്പപേക്ഷ സ്വീകരിച്ച് കോടതി

news image
Jan 15, 2025, 9:30 am GMT+0000 payyolionline.in

കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചശേഷവും ജയിലിൽ നിന്നും ഇറങ്ങാത്ത നടപടിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി. ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയിൽ നൽകിയതോടെയാണ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചത്. ജാമ്യം റദ്ദാക്കുന്നതടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് കോടതി പോയില്ലെങ്കിലും ഇനിമേലിൽ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന താക്കീതാണ് നൽകിയത്.

ഇനി ഇത്തരത്തിൽ വാ തുറക്കരുതെന്ന് ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടുതലൊന്നും പറയുന്നില്ലെന്നും കേസ് നടപടി അവസാനിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. മറ്റുള്ള തടവുകാർക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അത് അനുവദിക്കാൻ ആകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണൻ വ്യക്തമാക്കി. പ്രഥമദൃഷ്ടിയ ബോബി ചെമ്മണ്ണൂരിന് തെറ്റുപറ്റി. ബോബി ചെമ്മണ്ണൂർ ഇന്നിറങ്ങിയാലും നാളെ ഇറങ്ങിയാലും കോടതിക്ക് പ്രശ്നമല്ല,

ബോബി ചെമ്മണ്ണൂര്‍ ഇന്ന് ഇറങ്ങിയാലും നാളെ ഇറങ്ങിയാലും കോടതിക്ക് കുഴപ്പമില്ല. എന്നാൽ കോടതിയെ വെല്ലുവിളിക്കുന്ന നിലപാട് അംഗീകരിക്കാൻ ആവില്ല. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജയിലിലെ റിമാന്‍ഡ് തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി ചെമ്മണ്ണൂര്‍ ജയിലിൽ തുടര്‍ന്ന സംഭവമാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയത്. വിഷയത്തിൽ നിരുപാധികം ക്ഷമ ചോദിക്കുകയാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ബോബി ചെമ്മണ്ണൂരിനോട് സംസാരിച്ചിരുന്നുവെന്നും നിരുപാധികം മാപ്പ് പറയാൻ ബോബി തയ്യാറാണെന്നും കോടതിയെ അറിയിച്ചു. മാധ്യമങ്ങള്‍ വന്ന് ചോദിച്ചപ്പോള്‍ റിമാന്‍ഡ് തടവുകാരുടെ കാര്യം പറഞ്ഞുപോയതാണെന്നും അഭിഭാഷകര്‍ പറഞ്ഞു. ജാമ്യ ഉത്തരവ് ഇന്നാണ് ജയിലിൽ എത്തിയതെന്നും ഇന്നലെ കിട്ടിയിരുന്നില്ലെന്നും അതാണ് പുറത്തിറങ്ങാൻ വൈകിയതെന്നുമാണ് അഭിഭാഷകര്‍ കോടതിയിൽ നൽകിയ വിശദീകരണം.

മാധ്യമശ്രദ്ധ കിട്ടാനല്ല ജയിലിൽ നിന്ന് ഇറങ്ങാതിരുന്നതെന്നും ജാമ്യ ഉത്തരവ് അഭിഭാഷകന്‍റെ കൈവശം ആയിരുന്നുവെന്നും ഇന്നലെ എത്തിക്കാനായിരുന്നില്ലെന്നും അഭിഭാഷകൻ വിശദീകരിച്ചു. കോടതിയെ അപമാനിക്കാൻ ഉദ്ദേശം ഇല്ലായിരുന്നുവെന്നും വിശദീകരിച്ചു. മാപ്പപേക്ഷ കണക്കിലെടുത്താണ് കോടതി സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe