തിരുവനന്തപുരം: മടവൂർ ഗവ. എൽപിഎസിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഇന്ന് വൈകിട്ടോടെ കുട്ടിയുടെ വീടിന് മുന്നിൽവച്ചാണ് അപകടമുണ്ടായത്. സ്കൂൾ ബസിറങ്ങിയ കൃഷ്ണേന്ദു വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കേബിളിൽ കാൽ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മടവൂർ സ്വദേശികളായ മണികണ്ഠന്റെയും ശരണ്യയുടെയും മകളാണ് കൃഷ്ണേന്ദു.