മ്യാൻമറിൽ ഗ്രാമത്തിനു നേരെ സൈന്യത്തിന്റെ വ്യോമാക്രമണം: 40 പേർ കൊല്ലപ്പെട്ടു

news image
Jan 10, 2025, 10:12 am GMT+0000 payyolionline.in

നായ്പിഡോ: മ്യാൻമറിലെ ഗ്രാമത്തിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40ഓളം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരും പ്രാദേശിക സന്നദ്ധ സംഘടനയും അറിയിച്ചു.

പടിഞ്ഞാറൻ റാഖൈൻ സംസ്ഥാനത്തെ അറാക്കൻ സൈനിക നിയന്ത്രണത്തിലുള്ള രാംരീ ദ്വീപിലെ ക്യോക് നി മാവ് ഗ്രാമത്തിൽ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ബോംബാക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നൂറുകണക്കിന് വീടുകൾ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്.

മാർക്കറ്റ് ലക്ഷ്യമാക്കി സൈനിക ജെറ്റ് ഉപയോഗിച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അറാക്കൻ ആർമി വക്താവ് ഖൈങ് തുഖ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മ്യാൻമർ സൈന്യം വ്യോമാക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂചിയുടെ സർക്കാറിനെ സൈന്യം അട്ടിമറിച്ചതുമുതൽ മ്യാൻമർ പ്രക്ഷുബ്ധമാണ്. വ്യോമാക്രമണം റാഖൈൻ സ്റ്റേറ്റിലെ മാനുഷിക സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മരുന്നിന് ഗുരുതര ക്ഷാമം നേരിടുന്നതായി പ്രാദേശിക മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

2017ൽ റോഹിങ്ക്യൻ മുസ്‍ലിംകൾക്കെതിരെ സൈന്യം നടത്തിയ സൈനിക നടപടിയെ തുടർന്ന് 740,000ത്തിലധികം ആളുകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe