സലൂണുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെങ്കിൽ ഇക്കാര്യം ഉറപ്പാക്കണം; കർശന നിർദേശവുമായി മന്ത്രി എം ബി രാജേഷ്

news image
Jan 9, 2025, 5:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സലൂണുകളിലും ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും സൃഷ്ടിക്കപ്പെടുന്ന മുടി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികളുമായി മന്ത്രി വിശദമായി ചർച്ച ചെയ്തു. എല്ലാ ഷോപ്പുകളും സർക്കാർ അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറുകയുള്ളൂവെന്ന് സംഘടനകൾ ഉറപ്പു നൽകി.

സംസ്കരണ പ്ലാന്റുകളുണ്ടെന്നും കൃത്യമായി പ്രവർത്തനം നടത്തുന്നുവെന്നും പൊല്യൂഷൻ കണ്ട്രോൾ ബോർഡും ശുചിത്വ മിഷനും നേരിട്ട് വിലയിരുത്തിയാണ് ഏജൻസികൾക്ക് അംഗീകാരം നൽകുന്നത്. ഇത്തരം ഏജൻസികൾക്ക് മുടി മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കി മാത്രമേ അടുത്ത സാമ്പത്തിക വർഷം മുതൽ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ. മുടി മാലിന്യത്തിനൊപ്പം ബ്ലേഡ്, പ്ലാസ്റ്റിക്, ഏപ്രൺ, കോട്ടൺ, ടിഷ്യൂ തുടങ്ങിയ മാലിന്യവും ഇതേ ഏജൻസികൾ തന്നെ ഷോപ്പുകളിൽ നിന്ന് ശേഖരിക്കും.
കടകളിലെ എല്ലാ അജൈവ മാലിന്യവും ഏജൻസികൾ വഴി ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം, ഹരിതകർമ്മ സേനയുടെ യൂസർ ഫീസിൽ നിന്ന് ഇത്തരം കടകളെ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. അതേസമയം ഭക്ഷണ മാലിന്യം, സാനിറ്ററി മാലിന്യം എന്നിവ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ ഹരിതകർമ്മ സേനയ്ക്ക് പണം നൽകണമെന്നും യോഗത്തിൽ ധാരണയായി. നിലവിൽ ഏജൻസികളുടെ ഫീസ് നിരക്കുകൾ ഉയർന്നതാണെന്ന സംഘടനകളുടെ പരാതി വിശദമായി പരിശോധിക്കാൻ ശുചിത്വമിഷനെ മന്ത്രി ചുമതലപ്പെടുത്തി.

മാലിന്യത്തിന്‍റെ അളവ് കണക്കാക്കി ഫീസ് ഘടന നിശ്ചയിച്ചുനൽകും. സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം എണ്ണം മാത്രമാണ് നിലവിൽ ശാസ്ത്രീയമായ സംസ്കരണത്തിന് മാലിന്യം കൈമാറുന്നുള്ളൂ. എല്ലാ സ്ഥാപനങ്ങളെയും ഈ പരിധിയിൽ എത്തിക്കാൻ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യർഥിച്ചു. മാലിന്യമുക്തം നവകേരളം ക്യാംപയിനിൽ സർക്കാരിനൊപ്പം അണിനിരന്ന്, എല്ലാ ഷോപ്പുകളും അംഗീകൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കുമെന്ന് എല്ലാ സംഘടനകളും മന്ത്രിയോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe