പെരുമാള്‍പുരത്ത് നാട്ടുകാര്‍ `വഗാഡ്’ വാഹനങ്ങള്‍ കൂട്ടത്തോടെ തടഞ്ഞിട്ടു; പോലീസ് ഇടപെടലിലും ദുരിതത്തിന് പരിഹാരമായില്ല

news image
Jan 8, 2025, 11:18 am GMT+0000 payyolionline.in

പയ്യോളി: പൊടി ശല്യവും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടികാട്ടി നിരവധി തവണ പ്രതിഷേധിച്ചിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നു ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. ദേശീയപാതയില്‍ പയ്യോളി പെരുമാള്‍പുരത്താണ് ഇന്നലെ നാട്ടുകാര്‍ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞത്. നിര്‍മ്മാണ സാമഗ്രികളുമായി പോയ ഇരുപതിലേറെ ലോറികളും ഉദ്യോഗസ്ഥരും എഞ്ചിനീയര്‍മാരും പോയ അഞ്ച് ജീപ്പുകളും നാട്ടുകാര്‍ തടഞ്ഞിട്ടു.

പൊടിശല്യം പരിഹരിക്കാമെന്ന് നിരവധി തവണ തന്ന ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്. തുടര്‍ന്നു സ്ഥലത്തെത്തിയ പയ്യോളി എസ്.ഐ പി. റഫീഖ്  പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കരാര്‍ കമ്പനി പ്രതിനിധികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പരിഹാരം കാണാമെന്ന ഉറപ്പില്‍ തടഞ്ഞുവെച്ച വാഹനങ്ങള്‍ നാട്ടുകാര്‍ വിട്ടയക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നു കൂടുതല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

 

 

 

പിന്നീട് ഉച്ചക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ സര്‍വ്വീസ് റോഡ് തുറന്നു കൊടുക്കുന്നതിന് അനുമതി വൈകുന്നതാണ് കാരണമെന്ന് കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരുമാള്‍പുരത്തെ പെട്രോള്‍ പമ്പിനും അടിപ്പാതക്കും ഇടയിലുള്ള സര്‍വ്വീസ് റോഡ് ഗതാഗത യോഗ്യമാക്കുമ്പോള്‍ പ്രദേശത്തെ രണ്ട് പോക്കറ്റ് റോഡുകളിലേക്കുള്ള യാത്ര തടസ്സപ്പെടുമെന്ന വാദവും ഉയരുന്നുണ്ട്. മഴ ശക്തമായതിനെ തുടര്‍ന്നു കഴിഞ്ഞ മഴക്കാലത്ത് പ്രദേശവാസികളുടെ യാത്ര ഏറെ മാസങ്ങളോളം തടസ്സപ്പെട്ടിരുന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത് അംഗം ബിനു കരോളി, പൊതുപ്രവര്‍ത്തകരായ ഗിരീഷ് വെങ്കണ, എം. സമദ്,   വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് രമേശന്‍, സജീവന്‍ എന്നിവരാണ് പ്രതിഷേധങള്‍ക്ക് നേതൃത്വം കൊടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe