ബംഗളൂരു ടെക്കിയുടെ ആത്മഹത്യ; കൊച്ചുമകന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ കോടതി തള്ളി

news image
Jan 8, 2025, 9:34 am GMT+0000 payyolionline.in

ഐ.ടി കമ്പനി ജീവനക്കാരനായ അതുൽ സുഭാഷ് ജീവനൊടുക്കിയ സംഭവത്തിൽ അതുൽ സുഭാഷിന്‍റെ നാല് വയസുള്ള മകന്‍റെ കസ്റ്റഡി അമ്മക്ക് നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. പേരക്കുട്ടിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അതുലിന്‍റെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഭാര്യയുടെയും അവരുടെ വീട്ടുകാരുടെയും നിരന്തര പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന് 24 പേജുള്ള ആത്മഹത്യ കുറിപ്പിലും 81 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലും അതുൽ പറഞ്ഞിരുന്നു. സ്ത്രീധന പീഡനം നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നും കേസിൽനിന്ന് ഒഴിവാക്കാൻ മൂന്ന് കോടിരൂപ ആവശ്യപ്പെട്ടെന്നും അതുൽ പറയുന്ന ദൃശ്യങ്ങൾ, വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

നികിത സിംഘാനിയയുടെ അറസ്റ്റ് സമയത്ത് ഫരീദാബാദ് ബോർഡിങ് സ്‌കൂളിലായിരുന്നു മകൻ. ഹേബിയസ് കോർപ്പസ് ഹരജിയായതിനാൽ അടുത്ത വാദം കേൾക്കുമ്പോൾ കുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്ന് ബെഞ്ച് നിർദേശിച്ചു. അതേസമയം, മുത്തശ്ശിയായതിനാൽ കുട്ടിയുടെ സംരക്ഷണം നൽകണമെന്ന് അതുലിന്‍റെ അമ്മ അഞ്ജു ദേവി കോടതിയെ അറിയിച്ചു. പേരക്കുട്ടിക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് താൻ അവസാനമായി കണ്ടതെന്നും അഞ്ജു ദേവി പറഞ്ഞു.

കുട്ടിക്ക് നിങ്ങളെ അറിയില്ല. എന്നാലും കൊച്ചുമകനെ കാണാൻ കഴിയുമെന്ന് കോടതി പറഞ്ഞു. നികിത കുറ്റക്കാരിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ വിഷയം തീരുമാനിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe